മനാമ: ബഹ്റൈനിൽ സെയിൽസ് മേഖലയിൽ ജോലിചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമിന്റെ (ബി.എം.എസ്.ടി) ആഭിമുഖ്യത്തിൽ ‘ബ്രീസ് 2022’ സംഘടിപ്പിച്ചു. സഗയ്യ കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ താജുദ്ദീൻ വടകര മുഖ്യാതിഥിയായിരുന്നു.
ബി.എം.എസ്.ടി അംഗങ്ങൾക്കായി ഷിഫ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് നടപ്പാക്കിയ ഹെൽത്ത് പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും സെയിൽസ് മേഖലയിൽ നിരവധി വർഷത്തെ സേവനങ്ങളെ മുൻനിർത്തി എസ്.ജി. എബ്രഹാം, കെ. ശ്രീധരൻ എന്നിവരെ ആദരിക്കുന്ന ചടങ്ങും നടന്നു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, പരിപാടിയുടെ മുഖ്യ പ്രായോജകരായ ലുലു ഗ്രൂപ് ബഹ്റൈൻ പർച്ചേസ് ഹെഡ് മഹേഷ്, ഗാനരചയിതാവ് ആഷിർ വടകര എന്നിവർ സന്നിഹിതരായിരുന്നു.
മൂന്നാം വർഷത്തിലേക്ക് കടക്കുന്ന ബഹ്റൈൻ മലയാളി സെയിൽസ് ടീം പൊതുസമൂഹത്തിൽ സാമ്പത്തികമായും തൊഴിൽപരമായും ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി നിരവധി കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പ്രസിഡന്റ് സിജുകുമാർ അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു.
ബഹ്റൈനിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച സംഗീത നൃത്ത കലാപ്രകടനം ചടങ്ങിന് മിഴിവേകി. വൈസ് പ്രസിഡന്റ് അഗസ്റ്റിൻ മൈക്കിൾ, ജോ. സെക്രട്ടറി അഷ്റഫ്, പ്രോഗ്രാം കൺവീനർ അഞ്ജും ബേക്കർ, പ്രോഗ്രാം കോഓഡിനേറ്റർ അരുൺ ആർ. പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.