ബഹ്റൈൻ സമ്മർ ഫെസ്റ്റിവൽ ജൂലൈ 11 മുതൽ 31വരെ

മനാമ: പതിനാലാമത് ബഹ്റൈൻ സമ്മർ ഫെസ്റ്റിവൽ ജൂലൈ 11 മുതൽ 31വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ബഹ്റൈൻ നാഷനൽ മ്യൂസിയം, ആർട്ട് സെന്‍റർ, കൾചറൽ ഹാൾ എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ച് മുതൽ ഒമ്പത് വരെയാണ് പരിപാടികൾ നടക്കുക.

വാർത്തസമ്മേളനത്തിൽ അതോറിറ്റി ചെയർപേഴ്സൻ ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ, സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാംസ്കാരിക അതോറിറ്റി പ്രതിനിധികൾ, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ബഹ്റൈനും വിവിധ രാജ്യങ്ങൾക്കുമിടയിലുള്ള സാംസ്കാരിക കൈമാറ്റത്തിനുള്ള വേദികൂടിയായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ശൈഖ മയ് കൂട്ടിച്ചേർത്തു.