മനാമ: വേൾഡ് മലയാളി കൗൺസിൽ 13ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിൻറെ ഭാഗമായി ബിസിനസ്, സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ഗ്ലോബൽ അവാർഡുകൾ പ്രഖ്യാപിച്ചു. ബിസിനസ് മേഖലയിലെ സമഗ്ര സംഭാവനക്ക് അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായരും സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനക്ക് ബി.കെ.ജി ഹോൾഡിങ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. കെ.ജി ബാബുരാജനുമാണ് പുരസ്കാരത്തിന് അർഹരായതെന്ന് ഭാരവാഹികൾ അറിയിച്ചു.
രണ്ട് വർഷം കൂടുമ്പോൾ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തുനിന്നുള്ളവരെയാണ് അവാർഡിനായി പരിഗണിക്കാറുള്ളത്. ധർമ്മാരം വിദ്യാക്ഷേത്രം, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രൊഫസർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഡോ. പി.വി ചെറിയാൻ, മാധ്യമപ്രവർത്തകൻ ജോസ് കുമ്പിളിവേലിൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ബഹ്റൈൻ ഡിേപ്ലാമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ജൂൺ 23 മുതൽ 25 വരെ നടക്കുന്ന ഡബ്ല്യു.എം.സി ഗ്ലോബൽ കോൺഫറൻസിൽ വെച്ച് വ്യവസായ, വാണിജ്യ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി അവാർഡുകൾ സമ്മാനിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ബഹ്റൈൻ വ്യവസായ, വാണിജ്യ മന്ത്രാലയത്തിെന്റ രക്ഷാധികാരത്തിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിെന്റ ലക്ഷ്യമെന്ന് ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള പറഞ്ഞു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരള വനം മന്ത്രി എ.കെ ശശീന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സെയ്ൻ ബഹ്റൈൻ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടർ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ, ബഹ്റൈൻ ശുറാ കൗൺസിൽ അംഗവും ഇന്റർ പാർലമെൻററി യൂണിയൻ വൈസ് ചെയർ പേഴ്സണുമായ ഹലാ റംസി, നടനും സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ സുനീഷ് വാരനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ്, കർണാടക മുൻ ഡി.ജി.പി ജിജാ ഹരിസിങ്, ഷീല തോമസ് ഐ.എ.എസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഡോ. റാണാ സവായ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും.
കോൺഫറൻസിെന്റ ഭാഗമായി മെഡിക്കൽ ഫോറം, യൂത്ത് ഫോറം, വിമൻസ് ഫോറം, എജുക്കേഷൻ ഫോറം, ബിസിനസ് ഫോറം എന്നിവയും നടക്കും. പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഗ്ലോബൽ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് (അഡ്മിൻ) ജോൺ മത്തായി, ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, രക്ഷാധികാരി ഡോ. പി.വി ചെറിയാൻ, ബഹ്റൈൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, ജെയിംസ് തോമസ് എന്നിവരും പങ്കെടുത്തു