പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം “കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം- സാധ്യതകളും വെല്ലുവിളികളും” പ്രഭാഷണവും സംവാദവും ജൂലൈ 1 ന്; ഡോ. തോമസ് ഐസക്ക് ബഹ്‌റൈനിലെത്തും

മനാമ: പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ് 01 വെള്ളിയാഴ്ച വൈകീട്ട് 5.30ന് കെ സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഡോ. തോമസ് ഐസക്ക് നിർവഹിക്കുമെന്ന് ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പുരോഗമനപരമായ സാമൂഹിക-രാഷ്ട്രീയ വീക്ഷണം പങ്കിടുന്ന ഡോക്ടർ, എഞ്ചിനിയർ, ലോയേർസ്സ്‌, കമ്പനി എക്സിക്യൂട്ടീവ്സ്‌, അധ്യാപകർ, ആരോഗ്യരംഗത്തെ വിദഗ്ധർ, ചാർട്ടേർഡ്‌ അക്കൗന്ണ്ടന്റ്സ്‌ തുടങ്ങിയ പ്രൊഫഷണലുകളുടെ ഒരു കൂട്ടായ്മയാണ് പി പി എഫ് അഥവാ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം. കേരളത്തിലും ലോകത്തിലെ പല കോണുകളിലും ഇതേ രൂപത്തിലുള്ള കൂട്ടായ്മ രൂപം കൊണ്ടുവരികയാണ്.

പുരോഗമന വീക്ഷണമുള്ള പ്രൊഫഷണലുകളുടെ വൈദഗ്ധ്യം ഒരുമിച്ച് കൊണ്ടുവരികയും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിന് ക്രിയാത്മകമായ സംഭാവനകൾ നമ്മുടെ നാടിന്റെ വികസനത്തിനായി നൽകുകയും ചെയ്യുക എന്നതാണ് പി പി എഫിന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ സൂചിപ്പിച്ചു. വ്യത്യസ്തങ്ങളായ പ്രൊഫഷണൽ മേഖലകളിൽ നിന്നുള്ള വൈദഗ്‌ധ്യം സമാഹരിക്കാനും ഫലപ്രദമായ അക്കാദമിക് ഇവന്റുകളിലൂടെ അവ മെച്ചപ്പെടുത്താനും പി പി എഫ്‌ ശ്രമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സന്തുലിതമായ ഒരു സാമൂഹിക വികസനം ഉറപ്പാക്കുന്നതിന് മെച്ചപ്പെടുത്തിയ വൈദഗ്ധ്യം സംഭാവന ചെയ്യാൻ പി പി എഫ്‌ ലക്ഷ്യമിടുന്നു. പി പി എഫിന്റെ സ്വാഗത സംഘം മെയ് 10 ന് ഉദ്ഘാടനം ചെയ്തത് പി പി എഫിന് സമാനമായി കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ കേരള പ്രൊഫഷണൽ നെറ്റവർക്ക് (കെ പി എൻ ) ഇന്റെ പ്രസിഡന്റ് പ്രശസ്തനായ ആർക്കിടെക്ട് പത്മശ്രീ ജി. ശങ്കർ ആണ് നിർവഹിച്ചത്.

പി പി എഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലായ് 1 വെള്ളിയാഴ്ച കെ സി എ ഹാളിൽ വെച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധനും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്ക് നിർവഹിക്കുന്നതാണ്. ആദ്യപടിയായി, “കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം- സാധ്യതകളും വെല്ലുവിളികളും” എന്ന വിഷയത്തിൽ ഒരു പ്രഭാഷണവും സംവാദവും ഇതോടൊപ്പം സംഘടിപ്പിക്കുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പ്രൊഫഷണലുകളുടെ സാധ്യതകൾ എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കാമെന്ന് മനസിലാക്കാനും ഇത് സഹായിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളും അഭ്യുദയ കാംക്ഷികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകരെ പ്രതീക്ഷിക്കുന്നു.

ക്രിയാത്മകവും പുരോഗമനവും ആയ വികസന പ്രവർത്തനങ്ങളിൽ കഴിയുന്നത് ചെയ്യുക എന്ന ദൗത്യവുമായി പിറവി കൊള്ളുന്ന PPF പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജൂലായ് 1 ആം തിയ്യതിയിലെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതായി പി പി എഫ് ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഓർഗനസിംഗ് കമ്മറ്റി ചെയർമാൻ ഇ എ . സലിം . സെക്രട്ടറി അഡ്വക്കേറ്റ് ശ്രീജിത്‌ കൃഷ്ണൻ, രക്ഷാധികാരി പി കെ ഷാനവാസ്, ഭാരവാഹികളായ ഡോ. കൃഷ്ണ കുമാർ, റാം എന്നിവർ പങ്കെടുത്തു.