മനാമ: ചൂട് കൂടുന്ന സാഹചര്യത്തില്‍ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉച്ചയ്‍ക്ക് 12 മണി മുതല്‍ വൈകുന്നേരം നാല് വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കുള്ളത്. ഓഗസ്റ്റ് 31 വരെ നിയന്ത്രണം നിലവിലുണ്ടാവും. ചൂട് കാരണമായി തൊഴിലാളികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ശാരീരിക ബുദ്ധുമുട്ടികള്‍ ഒഴിവാക്കുന്നതിനാണ് ഉച്ച വിശ്രമം അനുവദിക്കുന്നത്. തൊഴില്‍നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ മധ്യാഹ്നങ്ങളില്‍ തൊഴിലെടുപ്പിക്കുന്നവര്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്ന് തൊഴില്‍ വകുപ്പു മന്ത്രി ജമീല്‍ ഹുമൈദാന്‍ അറിയിച്ചു. അതേസമയം ഈ നിയന്ത്രണം കണ്‍സ്ട്രക്ഷന്‍ സൈറ്റുകള്‍ക്കു മാത്രം ബാധകമായ ഒന്നല്ലെന്നും, പുറത്ത് സൂര്യതാപം നേരിടുന്ന ഏതു ജോലി ചെയ്യുന്നവര്‍ക്കും ബാധകമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലും മറ്റ് ജോലി സ്ഥലങ്ങളിലും അധികൃതര്‍ ഇത് സംബന്ധിച്ചുള്ള ബോധവത്കരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിയമ ലംഘകരെ കണ്ടെത്താൻ അധികൃതർ തൊഴിലിടങ്ങളിൽ പരിശോധന ശക്തമാക്കും.
ചൂട് വര്‍ദ്ധിക്കുന്ന ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പുറത്തെ സൈറ്റുകളില്‍ ഉച്ചക്ക് 12 മുതല്‍ നാലുമണിവരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാന്‍ പാടില്ലെന്നതാണ് മന്ത്രാലയത്തിന്റെ ഉത്തരവ്. കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെ പരിശോധനക്കായി മന്ത്രാലയം നിയമിക്കും. പരിശോധനയില്‍ നിയമലംഘനം കണ്ടുപിടിക്കപ്പെട്ടാല്‍ ഒരു തൊഴിലാളിക്ക് 500 ദിനാര്‍ മുതല്‍ 1,000 ദിനാര്‍വരെ പിഴ ചുമത്തും. നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം സൂര്യാഘാതം മൂലമുള്ള അപകടങ്ങള്‍ക്ക് രാജ്യത്ത് വളരെയധികം കുറവ് വന്നതായി ഏറെ കുറഞ്ഞതായി മന്ത്രാലയം ഈയിടെ സൂചിപ്പിച്ചിരുന്നു.