മനാമ: ബഹ്റൈനില്‍ നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. നോർത്തേൺ ഗവര്‍ണേറ്റിലെ വിവിധ തൊഴില്‍ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധനാ സംഘമെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.
തൊഴില്‍ നിയമങ്ങള്‍ക്ക് പുറമെ ഇമിഗ്രേഷന്‍ ചട്ടങ്ങളുടെ ഉള്‍പ്പെടെയുള്ള ലംഘനങ്ങള്‍ പരിശോധനകളില്‍ കണ്ടെത്തി. നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു. രാജ്യത്തെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് ബഹ്റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
തൊഴില്‍ വിപണിയില്‍ മത്സരക്ഷമതയും നീതിയും ഉറപ്പാക്കാനും തെറ്റായ പ്രവണതകള്‍ കാരണം സാമൂഹിക സുരക്ഷക്കുണ്ടാകുന്ന ആഘാതം ഇല്ലാതാക്കാനും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ലക്ഷ്യമിടുന്നു. രാജ്യത്ത് എവിടെയും തൊഴില്‍ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വിവരമറിയിക്കണമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.