മനാമ: ത്യാഗ സ്മരണകളുണര്‍ത്തി ബഹ്‌റൈനിലും ബലി പെരുന്നാള്‍ ആഘോഷങ്ങൾക്ക് തുടക്കമായി. കോവിഡ് മഹാമാരിക്ക് ശേഷം വന്ന ആദ്യ ബലിപെരുന്നാൾ നമസ്കാരത്തിന് ആയിരങ്ങളാണ് വിവിധ ഈദ് ഗാഹുകളിലും പള്ളികളിലും ഒത്തുചേർന്നത്. രാവിലെ 5:11 നായിരുന്നു ബഹ്റൈനിലെങ്ങും ബലി പെരുന്നാൾ നമസ്കാരം നടന്നത്.
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ബഹ്‌റൈൻ ജനതയ്ക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. അൽ സാഖിർ പാലസ് പള്ളിയിലാണ് രാജാവ് കുടുംബാംഗങ്ങളോടൊപ്പം ഈദ് നമസ്കാരം നിർവഹിച്ചത്. പരസ്പരം ഈദ് ആശംസകൾ കൈമാറി ഇരുവരും വിവിധ ജിസിസി -അറബ് ഇസ്ലാമിക രാജ്യ തലവന്മാരുമായും മന്ത്രാലയ പ്രതിനിധികളുമായും സന്തോഷം പങ്കുവെച്ചു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ടീം ബഹ്‌റൈൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഹമദ് രാജാവ് അഭിനന്ദനങ്ങൾ അറിയിച്ചു. 107 തടവുകാർക്കാണ് ഇത്തവണ ബലിപെരുന്നാളിന്റെ ഭാഗമായി പൊതുമാപ്പ് നൽകി മോചിപ്പിക്കാൻ രാജാവ് ഉത്തരവിട്ടത്.
പ്രവാചകനായ ഇബ്രാഹിം നബിയുടെ മഹത്തായ ത്യാഗ സ്മരണകൾ അയവിറക്കി പ്രവാസികളും വലിയ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കാളികളായി. മലയാളി കൂട്ടായ്മകൾ വിവിധ ഇടങ്ങളിൽ ഒരുക്കിയ ഈദ് ഗാഹുകളിലേക്ക് ചൂടിനെ വകവെക്കാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.
ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽഹിദായ സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച ഈദുഗാഹുകൾ പതിവുപോലെ ഹൂറ ഉമ്മു ഐമൻ സ്‌കൂൾ ഗ്രൗണ്ട്, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ്ബ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടന്നു. ദാറുൽ ഈമാൻ കേരള വിഭാഗം ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലും അൽ ഫുർഖാൻ സെന്റർ മനാമ ബാബുൽ ബഹ്‌റൈനിലും സംഘടിപ്പിച്ച ഈദ് ഗാഹുകളിൽ ആയിരങ്ങൾ പങ്കെടുത്തു.