മനാമ: ബഹ്‌റൈൻ കേരളീയസമാജത്തിൽ ഇന്തോ-ബഹ്‌റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറിയ നൃത്തനാടകം ‘ബുദ്ധ; ദി ഡിവൈൻ’ കേരളത്തിലും അവതരിപ്പിക്കുന്നു. ആഗസ്റ്റ് 14ന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ നൃത്തനാടകം അവതരിപ്പിക്കുന്നത്. വിദ്യശ്രീ ഒരുക്കിയ ‘ബുദ്ധ; ദി ഡിവൈൻ’ പ്രവാസലോകത്തെ പ്രേക്ഷകരുടെ അഭിനന്ദങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ബഹ്‌റൈനിലെ നൃത്താധ്യാപികയും എഴുത്തുകാരിയും സംവിധായികയും കൊറിയോഗ്രാഫറുമാണ് വിദ്യശ്രീ. കപിലവസ്തുവിലെ ശുദ്ധോധന രാജാവിന്റെയും മായാദേവിയുടെയും മകനായ സിദ്ധാർഥന്റെ ജീവിതരേഖയാണ് നൃത്തനാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിദ്ധാർഥനായി റിങ്കു ജോസും യശോദരയായി വിദ്യശ്രീയും അരങ്ങിലെത്തുന്നു. എ.ആർ. റഹ്മാെന്‍റ ഓർക്കസ്ട്ര ടീമംഗവും ചലച്ചിത്ര പിന്നണിഗായകനുമായ പാലക്കാട് ശ്രീറാമിൻറെ സംഗീതമാണ് ബുദ്ധയുടെ മറ്റൊരു വിസ്മയം.