മനാമ: കെ.എം.സി.സി ബഹ്‌റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം ‘റിവൈവ് 22’ എന്ന പേരിൽ ഇന്ന് ജൂലൈ 22 വെള്ളിയാഴ്ച നടക്കും. വൈകീട്ട് ഏഴിന് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷററുമായ എം.എ. സമദ് മുഖ്യാതിഥിയായി പങ്കെടുക്കും.
പരിപാടിയോടനുബന്ധിച്ച് മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. കെ.എം.സി.സി ജില്ല, ഏരിയ കമ്മിറ്റികളിൽനിന്ന് ഒരാൾക്കു വീതമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. മൊത്തം 19 പേർ മത്സരത്തിൽ പങ്കെടുക്കും. കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
സമസ്ത ബഹ്‌റൈൻ പ്രസിഡന്‍റ് ഫക്രുദ്ദീൻ തങ്ങൾ, ബഹ്‌റൈൻ ഒ.ഐ.സി.സി നേതാക്കൾ ഉൾപ്പെടെ മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും. പാലക്കാട് ജില്ല കമ്മിറ്റിയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ സഹായ-സഹകരണങ്ങൾ നൽകിയ അമാദ് ഗ്രൂപ് എം.ഡി പമ്പവാസൻ നായർ, ഷൈൻ ഗ്രൂപ് എം.ഡി സി.കെ. അബ്ദുറഹ്മാൻ ഹാജി വല്ലപ്പുഴ എന്നിവരെ ആദരിക്കും.