മനാമ: മാധ്യമം പത്രം പൂട്ടിക്കാൻ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുൻ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വിയും ജനറൽ സെക്രട്ടറി എം. അബ്ബാസും സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസികളോടൊപ്പം ഏറ്റവും കൂടുതൽ ചേർന്ന് നിന്ന പത്രമാണ് മാധ്യമം. പ്രതിസന്ധിയുടെ ആ ഘട്ടത്തിൽ സ്വന്തം നാട്ടിലേക്ക് പോവാൻ അതിയായി ആഗ്രഹിച്ച ഒരു സമൂഹത്തോട് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവമുള്ള നിലപാടുകൾ സ്വീകരിക്കാൻ വേണ്ടിയാണ് മാധ്യമം മുഴുപേജ് സ്റ്റോറി ചെയ്തത്. അധികാരികളുടെ നടപടികൾ എളുപ്പമുള്ളതും വേഗതയിലുള്ളതുമാക്കാൻ അത് മുഖേന സാധിച്ചിട്ടുണ്ട്. എന്നാൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്തു കൊണ്ട് ഈ കാരണം നിരത്തി ദുരുദ്ദേശത്തോടെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തേക്ക് കത്തെഴുതിയത് പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഒരിക്കലും പൊറുക്കാൻ കഴിയില്ല. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്.അധികാര ദുവിനിയോഗത്തിൻ്റെ അധമ ഉദാഹരണമാണിതെന്നും എം.എ ൽ.എ സ്ഥാനത്തിന് തന്നെ അദ്ദേഹം അർഹനാണോ എന്ന് കൂടി പൊതു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.