മനാമ: ബഹ്റൈനിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ലുലു എക്സ്ചേഞ്ച്, യൂനിഗ്രാഡ് എജുക്കേഷൻ സെന്ററുമായി സഹകരിക്കുന്നു. ലുലു എക്സ്ചേഞ്ച് ഉപഭോക്താക്കൾക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ആഗോളതലത്തിലുള്ള വിവിധ യൂനിവേഴ്സിറ്റികളിൽ ഉപരിപഠനം നടത്തുന്നതിനായി യൂനിഗ്രാഡ് ഫീസിൽ ഇളവ് നൽകുന്നതാണ് പദ്ധതി.
ഇന്ത്യയിലെ മണിപ്പാൽ യൂനിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ), അണ്ണാമലൈ യൂനിവേഴ്സിറ്റി, അമിറ്റി യൂനിവേഴ്സിറ്റി, ലിങ്കൺ യൂനിവേഴ്സിറ്റി മലേഷ്യ തുടങ്ങിയ യൂനിവേഴ്സിറ്റികളുടെ അംഗീകൃതമായ പഠനകേന്ദ്രവും പരീക്ഷാകേന്ദ്രവുമാണ് യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ.
ഉപഭോക്താക്കൾക്ക് ഏറ്റവും നൂതനമായ സേവനങ്ങൾ നൽകുന്നതോടൊപ്പം വിദ്യാഭ്യാസപരമായി ഉന്നത ബിരുദങ്ങൾ നേടുന്നതിന് സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് അറിയിച്ചു.
വർഷങ്ങളായി പ്രവാസസമൂഹത്തിന് വിദ്യാഭ്യാസപരമായ സേവനങ്ങൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന യൂനിഗ്രാഡിന് ലുലു എക്സ്ചേഞ്ചിനൊപ്പം ഇത്തരമൊരു സംരംഭത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജെ.പി. മേനോൻ പറഞ്ഞു.