മനാമ: നാടൻ കാലപ്രവർത്തനരംഗത്ത് മികവുപുലർത്തുന്നവർക്കായി സഹൃദയ നാടൻപാട്ട് സംഘം നൽകുന്ന പി.കെ. കാളൻ സ്മാരക സഹൃദയ പുരസ്കാരത്തിന് കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫിസർ പി.വി. ലാവ്ലിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാലത്ത് വേദികൾ ഇല്ലാതിരുന്ന കലാകാരന്മാരെ ചേർത്തുനിർത്താൻ കേരള സർക്കാറും കേരള ഫോക്ലോർ അക്കാദമിയും നടപ്പാക്കിയ പ്രവർത്തനങ്ങൾ കലാകാരന്മാരിലെത്തിക്കാനും ആദിവാസി ഊരുകളിലെ കലാകാരന്മാർക്ക് ഓൺലൈൻ കാലാവതരണത്തിന് അവസരമൊരുക്കുന്നതിനും നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
നിരവധി നാടൻകലാമേളകൾ സംവിധാനം ചെയ്തിട്ടുള്ള പി.വി. ലാവ്ലിൻ മികച്ച സംഘാടകനുമാണ്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ഇദ്ദേഹം ആദിവാസി കലാകാരന്മാരെയടക്കം മുഖ്യധാരയിലെത്തിക്കാൻ നടത്തുന്ന നിസ്വാർഥ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡ് സമ്മാനിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. തലശ്ശേരി കിൻഫ്ര വ്യവസായ പാർക്ക് മാനേജർ വി.കെ. രൂപയാണ് പി.വി. ലാവ്ലിന്റെ ഭാര്യ. മകൾ: അലീന ആർ. ലാവ്ലിൻ.
സെപ്റ്റംബറിൽ ബഹ്റൈനിൽ നടക്കുന്ന നാടൻകലാ മേളയിൽവെച്ച് അവാർഡ് സമ്മാനിക്കും. അവാർഡ് പ്രഖ്യാപനത്തിന്റെ വിളംബരമായി ഓൺലൈൻ തനതു നാടൻപാട്ട് മത്സരവും സംഘടിപ്പിക്കും.
താൽപര്യമുള്ള കലാകാരന്മാരെ കണ്ടെത്തി പരിശീലനം നൽകി വേദിയിലെത്തിക്കുകയാണ് സഹൃദയ നാടൻപാട്ട് സംഘം നടത്തുന്ന പ്രധാന പ്രവർത്തനങ്ങളിലൊന്ന്. 35ഒാളം കലാകാരന്മാർ സഹൃദയയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. അന്യം നിന്നുപോകുന്ന നാടൻകലകളെയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രോസാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ രാജേഷ് ആറ്റാചേരി, മുരളീകൃഷ്ണൻ കോറോം, മനോജ് പിലിക്കോട്, രഖിൽ ബാബു, ലിനീഷ് കനായി എന്നിവർ പങ്കെടുത്തു.