മനാമ: യാത്രാവിലക്ക് നേരിട്ട് നാട്ടിൽ പോകാൻ കഴിയാതിരിക്കുകയും പിന്നീട് അസുഖബാധിതനാവുകയും ചെയ്ത കോഴിക്കോട് സ്വദേശിക്ക് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ തുണയായി. മുക്കം തയ്യുള്ളതിൽ ചന്ദ്രനാണ് കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്. വീട്ടുവാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് 61കാരനായ ചന്ദ്രന്റെ യാത്രാവിലക്കിലേക്കു നയിച്ചത്. കേസിന് പരിഹാരമുണ്ടാക്കാൻ പലരീതിയിൽ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വൃക്കരോഗം പിടിപെട്ട് സൽമാനിയ ആശുപത്രിയിൽ അഡ്മിറ്റായത്.
മൂന്നു യാത്രാവിലക്കുകളാണ് ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ സഹായത്തോടെ യാത്രാവിലക്കുകൾ നീക്കിക്കിട്ടിയതിനെത്തുടർന്നാണ് ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചുപോകാൻ സാധിച്ചത്. ഇന്ത്യൻ എംബസിയും ഇദ്ദേഹത്തിനുവേണ്ട സഹായങ്ങൾ നൽകാൻ രംഗത്തുണ്ടായിരുന്നു. ചികിത്സയിൽ കഴിഞ്ഞ നാളുകളിൽ ഹോപ് ബഹ്റൈൻ പ്രവർത്തകരാണ് ചന്ദ്രന് വേണ്ട സഹായം നൽകിയത്. മാത്രമല്ല, കേസ് പരിഹരിക്കാനാവശ്യമായ 400 ദീനാറും ഹോപ് ബഹ്റൈൻ സമാഹരിച്ചു നൽകി. പ്രവാസി ലീഗൽ സെൽ ഏർപ്പെടുത്തിയ അഭിഭാഷകന്റെ മികച്ച ഇടപെടലും കേസുകൾ വേഗം പരിഹരിക്കാൻ സഹായിച്ചു. ബന്ധപ്പെട്ട കക്ഷികളുമായി സംസാരിച്ച് നൽകേണ്ട തുക പരമാവധി കുറക്കാൻ ഇദ്ദേഹത്തിന്റെ ഇടപെടൽ വഴി സാധിച്ചു.
സ്വന്തമായി വീടില്ലാത്ത ചന്ദ്രൻ ചെന്നൈയിലുള്ള ബന്ധുവിന്റെ അടുത്തേക്കാണ് കഴിഞ്ഞ ദിവസം യാത്രതിരിച്ചത്. പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. തന്നെ സഹായിക്കാൻ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ് ചന്ദ്രൻ നാട്ടിലേക്കു തിരിച്ചത്. കേസുകൾ പരിഹരിച്ച് നാട്ടിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അദ്ദേഹമിപ്പോൾ.