മനാമ: ബഹറൈനിൽ പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കഴിഞ്ഞദിവസം ചേർന്ന പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തക യോഗം തീരുമാനിച്ചു. സമിതിയുടെ പ്രവർത്തനഫലമായി ധാരാളം പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടാനും പരിഹാരം കാണാനും സാധിച്ചു. പ്രവാസികളെ ചൂഷണം ചെയ്യുന്ന പലിശക്കാർ തങ്ങളുടെ ചൂഷണം പരിമിതപ്പെടുത്തിയത് പലിശ വിരുദ്ധ സമിതിയുടെയും മറ്റ് സാമൂഹിക പ്രവർത്തകരുടെയും ഇടപെടൽ മൂലം ആണെന്ന് യോഗം വിലയിരുത്തി. വേനൽക്കാല അവധിക്കുശേഷം പലിശക്കാരുടെ നീരാളിപ്പിടുത്തത്തിനെതിരെ വ്യാപകമായ ബോധവൽക്കരണം നടത്താനും നിയമ ബോധവൽക്കരണ സെമിനാറും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
പലിശ വിരുദ്ധ സമിതി ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിജീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗാനന്ദ്, ഷിബു പത്തനംതിട്ട, നാസർ മഞ്ചേരി, വിനു ക്രിസ്റ്റി, ബദറുദ്ദീൻ പൂവാർ, അഷ്കർ പൂഴിത്തല എന്നിവർ സംസാരിച്ചു.