മനാമ: കോവിഡ് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനം കൈവരിച്ച് ബഹ്റൈൻ. ജപ്പാനിലെ നിക്കേയി കോവിഡ് രോഗമുക്തി സൂചികയുടെ ജൂലൈയിലെ റിപ്പോർട്ടിലാണ് ബഹ്റൈൻ ഒന്നാമതെത്തിയത്. 78 പോയന്‍റാണ് ബഹ്റൈൻ സ്വന്തമാക്കിയത്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗപ്രതിരോധത്തിന് രാജ്യം സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ് ഈ നേട്ടം. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിന് കീഴിൽ രാജ്യം കൈക്കൊണ്ട ആരോഗ്യ സുരക്ഷ നടപടികൾ ലോകരാജ്യങ്ങളുടെതന്നെ പ്രശംസ നേടിയിരുന്നു.
രോഗപ്രതിരോധം, വാക്സിനേഷൻ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് 121 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ബഹ്റൈന് പിന്നിൽ 77.5 പോയന്‍റുമായി കംബോഡിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. പോർചുഗൽ, വിയറ്റ്നാം എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. യു.എ.ഇയും ഖത്തറും അഞ്ചും ആറും സ്ഥാനങ്ങളിലെത്തി. മറ്റു ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ 15ാം സ്ഥാനത്തും കുവൈത്ത് 28ാം സ്ഥാനത്തും ഒമാൻ 47ാം സ്ഥാനത്തുമാണ്. 62.5 പോയന്‍റുമായി 44ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 39 പോയന്‍റുള്ള ബാർബഡോസാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.