ഡിജിറ്റൽ വത്കരണം; ജി സി സി യിലെ മികച്ച അഞ്ച് മണി എക്സ്ചേഞ്ചുകളുടെ പട്ടിക പുറത്തിറക്കി ഫോബ്സ് മിഡിൽഈസ്റ്റ്

മനാമ: ഡിജിറ്റൽവത്കരണത്തിൽ മികവ് പുലർത്തുന്ന ജി.സി.സിയിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ പട്ടിക ഫോബ്സ് മിഡിൽഈസ്റ്റ് പുറത്തിറക്കി. ജി.സി.സിയിലെ ഏറ്റവും മികച്ച അഞ്ച് എക്സ്ചേഞ്ച് ഹൗസുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. യു.എ.ഇ ആസ്ഥാനമായ ലുലു എക്സ്ചേഞ്ച്, അൽ അൻസാരി എക്സ്ചേഞ്ച്, കുവൈത്തിലെ അൽ മുല്ല എക്സ്ചേഞ്ച്, ഖത്തറിലെ അൽഫർദാൻ എക്സ്ചേഞ്ച്, ഒമാനിലെ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് എന്നിവയാണ് പട്ടികയിലെ ഏറ്റവും മികച്ച അഞ്ച് കമ്പനികൾ.

വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വർഷങ്ങളായി മികച്ച സേവനം നൽകിവരുന്നവയാണ് ഈ സ്ഥാപനങ്ങൾ. ഡിജിറ്റൽ രംഗത്തെ മുന്നേറ്റത്തിന് ഈ സ്ഥാപനങ്ങൾ നടത്തുന്ന ശ്രമങ്ങളും നിക്ഷേപവും അടുത്തകാലത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു. ആപ്പ്ഡൗൺലോഡ് എണ്ണം, ഉപയോക്താക്കളുടെ എണ്ണം, ഡിജിറ്റൽ ഇടപാടുകളുടെ മൂല്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഞ്ച് കമ്പനികളെ തെരഞ്ഞെടുത്തത്.