മനാമ: അറിഞ്ഞോ അറിയാതെയോ തുച്ഛ ലാഭത്തിനുവേണ്ടി ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ നൽകുന്ന സ്വർണത്തിൻ്റെയും നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെയും കാരിയർ ആകുന്നതോടെ ജീവനും ജീവിതവും നഷ്ടപ്പെടുകയോ അല്ലെങ്കിൽ ജയിലറകളിൽ ജീവിതം ഹോമിക്കപ്പെടേണ്ടിവരുന്ന പ്രവാസികളുടെ എണ്ണം ദിനം തോറും കൂടുകയാണ്. കേവലം ഒരു യാത്രാ ടിക്കറ്റിനോ അല്ലെങ്കിൽ അതിനു തുല്യമായ അത്രയും തുകക്കോ വേണ്ടിയാണ് പ്രവാസി സമൂഹം ഈ ഊരാക്കുടുക്കിൽ ചെന്ന് ചാടുന്നത്. പ്രവാസികൾക്കിടയിൽ ഫലപ്രദമായ ബോധവൽക്കരണം ആവശ്യമായ മേഖലയാണിത് എന്ന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ പ്രസ്താവനയിൽ പറഞ്ഞു. ലോകത്ത് മയക്കുമരുന്ന് ഇടപാടും ഉപയോഗവും തടയാൻ ശക്തമായ നിയമമുള്ള രാജ്യങ്ങളാണ് ഗൾഫ് നാടുകൾ. അതിനാൽ തന്നെ തങ്ങൾക്ക് വേണ്ടി ഒരുക്കിവച്ച ചതിക്കുഴികളെ കുറിച്ച അറിവില്ലായ്മയോ അല്ലെങ്കിൽ കാര്യങ്ങളെ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നതിലൂടെ ഇത്തരം പ്രവാസികളെ കാത്തിരിക്കുന്നത് അനന്തമായ ജയിൽ വാസമോ ജീവ നഷ്ടമോ ആണ്.
യാത്രയ്ക്കിടെ പരിചയം ഭാവിച്ച് അടുത്ത് കൂടുന്നവരുടെയോ അല്ലെങ്കിൽ സുഹൃത്തിൻ്റെ രൂപത്തിലോ ആകാം കെണിയുടെ ചരട് മുറുകിത്തുടങ്ങുന്നത്. യാത്രയ്ക്കിടെ പരിചയം ഉള്ളവരോ അല്ലാത്തവരോ നൽകുന്ന പൊതികൾ തുറന്ന് നോക്കി ബോധ്യമാകാതെ സ്വീകരിക്കുന്നവർ നിരോധിത ലഹരി മരുന്നുകളുടെയും അനധികൃത സ്വർണ്ണ കടത്തുകാരുടെയും കാരിയർ ആകുകയാണ് യഥാർത്‌ഥത്തിൽ സംഭവിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ കുടുങ്ങി വിദേശരാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നവരും വൻതുക പിഴയൊടുക്കേണ്ടിവരുന്നവരും ഏറെയാണ്. പ്രവാസി സമൂഹത്തിനിടയിൽ ഇക്കാര്യത്തിൽ ശക്തമായ ബോധവൽക്കരണം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാകണം. വിമാനത്താവളങ്ങളിൽ ഇത് സംബന്ധമായ പ്രവാസി ഹെൽപ്പ് ഡെസ്ക് തുടങ്ങണമെന്നും പ്രവാസി വെൽഫെയർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.