സ്വാതന്ത്ര്യ ദിനാഘോഷം നമ്മെ ഓർമ്മപ്പെടുത്തേണ്ടത് – ജമാൽ ഇരിങ്ങൽ എഴുതുന്നു

നമ്മുടെ രാജ്യം ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ 75ആം വാർഷികം സമുചിതമായി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. പതിവിനു വിപരീതമായി വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇന്ത്യക്കകത്തും പുറത്തുമായി നടന്നു കൊണ്ടിരിക്കുന്നത്. വീടുകൾ തോറും പതാക ഉയർത്തലും മൂന്നു ദിവസം വരെ പതാക ഉയർത്തി വെക്കാമെന്ന “ഹർ ഘർ തിരംഗ” പദ്ധതിയുമൊക്കെയായി ആഘോഷങ്ങൾ കെങ്കേമമാണ്.

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത് നിരവധി മഹാത്മാക്കൾ അവരുടെ രക്തവും ജീവനും ജീവിതവും ബലി നൽകിയിട്ടാണ്. നിരവധി മനുഷ്യരുടെ മഹത്തായ ത്യാഗവും സഹനവും ഇതിനു പിന്നിലുണ്ട്. ചോര കിനിയുന്ന പോരാട്ട ചരിത്രമാണ് നമ്മുടെ സ്വാതന്ത്ര്യ സമരമെന്നത്. മത ജാതി ഭേദമന്യേ ആബാലവൃന്ദം ജനങ്ങളും ആ സമര പ്രവാഹത്തിൽ പങ്കാളികളായിട്ടുണ്ട്. ഇതൊക്കെയും ഒരുപക്ഷെ ഇവിടെയുള്ള പുതു തലമുറക്കോ നേതാക്കൾക്കോ അറിഞ്ഞുകൊള്ളണമെന്നുമില്ല.

ഒരേ രീതിയിലായിരുന്നില്ല നമ്മുടെ സ്വാതന്ത്യ്ര പോരാട്ടം. പല ധാരകളും രീതികളും അതിനുണ്ടായിരുന്നു. മഹത്തായ ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി അവരൊക്കെയും ഒന്നിക്കുകയായിരുന്നു. വൈദേശികാധിപത്യത്തിൽ നിന്നും രാജ്യത്തെ വിമോചിപ്പിക്കാൻ വേണ്ടി തങ്ങളുടെ അഭിപ്രായഭിന്നതകൾ മാറ്റിവെച്ചു കൊണ്ട് അവർ ഒന്നായിട്ടാണ് ആ സമരം നയിച്ചത്. ആ പോരാട്ട പാതയിൽ ബ്രിട്ടീഷുകാരന്റെ തോക്കിനും ലാത്തിക്കും മുൻപിൽ വിരിമാറ് കാണിച്ചു കൊടുക്കാൻ അവർക്ക് യാതൊരു ഭയവും മടിയുമുണ്ടായിരുന്നില്ല.

ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ കളിയാക്കി വിളിക്കുന്ന ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ, സഹന സമരവും, സായുധ പോരാട്ടവുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്. ക്വിറ്റ് ഇന്ത്യ സമരം, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നേതൃത്വത്തിലുള്ള സമാന്തര മിലിട്ടറി മോഡൽ സമരം, ഗാന്ധിജിയുടെ അഹിംസയിലൂന്നിയ സത്യഗ്രഹ സമരം, ചന്ദ്ര ശേഖർ ആസാദിന്റെയും ഭഗത് സിംഗിന്റെയും വാരിയൻ കുന്നത്ത് കുഞ്ഞമ്മദ്‌ ഹാജിയുടെയും നേതൃത്വത്തിൽ രാജ്യത്തിന്റെ പലയിടങ്ങളിലായി നടന്ന സായുധ പോരാട്ടങ്ങൾ എന്നിവയൊക്കെ ഒരു ജനതയുടെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഗമനത്തിനു ആക്കം കൂട്ടുന്നതായിരുന്നു.

മഹാത്മാ ഗാന്ധിയും, ജവഹർലാൽ നെഹ്‌റുവും, അലി സഹോദരന്മാരും, ഡോ.ബി.ആർ.അംബേദ്‌കറും, ബാല ഗംഗാധര തിലകനും, മൗലാനാ അബുൽ കലാം ആസാദും, മഹാത്മാ അയ്യങ്കാളിയും ആലി മുസ്ലിയാരുമൊക്കെ ഒരേ ലക്ഷ്യത്തിനു വേണ്ടി നില കൊണ്ടവരായിരുന്നു. നിർഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ നേതാക്കളുടെയും നമ്മുടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും സ്വപ്നത്തിനും ആഗ്രഹത്തിനും വിപരീതമായിട്ടായിരുന്നു രാജ്യം സ്വാതന്ത്ര്യത്തിന്റെ പൊൻ പുലരിയിലേക്ക് കണ്ണ് തുറന്നത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം അവർ അവരുടെ അധിനിവേശത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ വളരെ വിജയകരമായി ഇവിടെ പ്രയോഗിച്ചു വിജയിപ്പിക്കുകയായിരുന്നു. ഇവിടെ നിന്ന് തിരിച്ചു പോവുമ്പോഴും ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ നമുക്ക് സമ്മാനിച്ചതിന് ശേഷമാണ് അവർ ഇവിടം വിടുന്നത്. രാജ്യത്തെ മതത്തിന്റെ പേരിൽ രണ്ടായി പകുത്തു കൊണ്ട് അവർ നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തെ കീറിമുറിച്ചു.

അന്ന് ഡൽഹിയിൽ സ്വാതന്ത്ര്യം ആഘോഷിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ പലയിടങ്ങളിലും വർഗീയ കലാപങ്ങൾ പൊട്ടിപുറപ്പെടുകയായിരുന്നു. രക്ഷരൂക്ഷിതമായ ആ വർഗീയ കലാപങ്ങളിൽ ലക്ഷക്കണക്കിനാളുകൾക്കാണ് ജീവഹാനി സംഭവിച്ചത്. അനേകായിരങ്ങൾക്ക് വീടും തങ്ങളുടെ സമ്പത്തും നഷ്ടപ്പെട്ടു. എത്രയോ മനുഷ്യർ ജീവച്ഛവങ്ങളായി. അന്ന് ബ്രിട്ടീഷുകാർ വരച്ച ആ അതിരുകൾ ഇന്നും നമ്മിൽ പലരുടെയും മനസുകളിൽ സജീവമാണ്. ഇടക്ക് ആ മുറിവ് പഴുത്ത് പൊട്ടി ചോരയും ചലവും ഒഴുകുമ്പോഴാണ് അത് വിവിധയിടങ്ങളിൽ വർഗീയ കലാപമാണ് വംശീയ ഉന്മൂലനവുമായും രൂപാന്തരപ്പെടുന്നത്. ആൾക്കൂട്ടക്കൊലപാതകങ്ങളും അപരവൽക്കരണവുമൊക്കെ ഇതിന്റെ പലപ്പോഴായുള്ള ബഹിർസ്ഫുരണങ്ങളാണ്.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ചേരിതിരിവുകൾ ഇന്ന് കൂടുതൽ സജീവമാണ്. സോഷ്യൽ മീഡിയാ ലോകത്ത് ഇത് വ്യാപകവുമാണ്. ഒരു കാലത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുകയും പിന്നിൽ നിന്നും കുത്തുകയും ചെയ്തവർ അതേ സമരത്തിന്റെ വക്താക്കളും പ്രണേതാക്കളും ആവുന്ന കാഴ്ചയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. മഹാത്മാവിനെ വെടിവെച്ചു കൊന്നവനും അവനെ അതിനു പ്രേരിപ്പിച്ച പ്രത്യയശാസ്ത്രവും വിശുദ്ധമാക്കപ്പെടുന്നു. അവരെ ചേർത്തുപിടിക്കാനും അവർക്ക് വേണ്ടി വാഴ്‌ത്തുപാട്ടുകൾ പാടാനും പലരും ഇന്ന് മത്സരിക്കുകയാണ്.

1947ൽ രാജ്യം ഒരുപാട് വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് തന്നെ നമ്മൾ എണ്ണം പറഞ്ഞ സൈനിക – സാമ്പത്തിക ശക്തികളിൽ ഒന്നാണ്. നമ്മുടെ രാഷ്ട്ര നേതാക്കളുടെ കഠിനാധ്വാനവും ആസൂത്രണ മികവും ഭരണ തികവുമൊക്കെ തന്നെയാണ്അ അതിനു പിന്നിലുള്ളത്തി. അതിനേക്കാളുപരി നമ്മുടെ മനുഷ്യ വിഭവ ശേഷി എന്നുള്ളത് ലോകത്തെ മറ്റുരാജ്യങ്ങൾക്കൊന്നുമില്ലാത്ത വലിയൊരു സമ്പത്താണ്. എന്നാൽ രാജ്യം ആർജിച്ച വികസനത്തിന്റെയും പുരോഗതിയുടെയും ഗുണഫലങ്ങൾ ഇവിടെയുള്ള മുഴുവൻ പൗരന്മാർക്കും ലഭ്യമാവുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദികൾ ഇവിടെ ഇതുവരെയായി മാറി മാറി ഭരിച്ചു കൊണ്ടിരിക്കുന്നവർ തന്നെയാണെന്ന് പറയേണ്ടി വരും. വികസന പദ്ധതികളുടെ സിംഹഭാഗം വരുന്ന സൗകര്യങ്ങളും പലപ്പോഴും ഇവിടെയുള്ള വരേണ്യവർഗവും ഉപരിവർഗവുമായിരുന്നുആസ്വദിച്ചു കൊണ്ടിരുന്നത്. നമ്മുടെ സമ്പത്തിന്റെ മുഖ്യ പങ്കും കൈവശം വെച്ച് അനുഭവിച്ചു കൊണ്ടിരിക്കുന്നവർ വളരെ ചെറിയ ഒരു വിഭാഗമാണ്. ചരിത്രത്തിൽ എന്നും പാവപ്പെട്ടവരെ ചൂഷണം ചെയ്തിരുന്നത് അധികാരിവർഗവും സമൂഹത്തിലെ സമ്പന്നവിഭാഗവും ഒരുമിച്ചായിരുന്നുവെന്നത് ഇവിടെ പലപ്പോഴും അനുഭവവേദ്യമാകുകയായിരുന്നു.

വ്യത്യസ്ത ഘട്ടങ്ങളിലായി നടന്ന പല വികസന പദ്ധതികളും കോർപറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ വേണ്ടിയുള്ളതായിരുന്നു. വികസനത്തിനായി കുടിയിറക്കപ്പെട്ട പലരെയും ഇന്നും കൃത്യമായി പുരധിവസിപ്പിക്കാൻ സാധിച്ചിട്ടില്ല. ചേരികളിൽ പുഴുക്കളെ പോലെ മനുഷ്യർ നുരയുന്ന ഇവിടെ തന്നെയാണ് മൾട്ടി ബില്യണറുകൾ സുഖലോലുപതയിൽ ആറാടുകയും രാജ്യത്തിൻറെ നയ നിലപാടുകൾ രൂപീകരിക്കുന്നിടത്ത് സ്വാധീനം ചെലുത്തികൊണ്ടിരിക്കുന്നതും.

നമ്മുടെ പൂർവികർ രക്തവും ജീവനും കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം വിനഷ്ടമാകാതെ കണ്ണിലെ കൃഷ്ണമണിയെ പോലെ കാത്തു സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും ബാധ്യതയാണ്. നമ്മുടെ മഹിതമായ മൂല്യ സങ്കല്പങ്ങളെയും പാരമ്പര്യത്തെയും നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. ജനാധിപത്യവും മതേതരത്വവും ഇവിടെ എന്നും പുലരേണ്ടതുണ്ട്. നമ്മുടെ മഹത്തായ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾ എല്ലാവർക്കും ഒരു പോലെ ലഭ്യമാവേണ്ടതുണ്ട്. സർവോപരി സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ ഇവിടെയുള്ള മുഴുവൻ മനുഷ്യർക്കും കഴിയുണം. ഗാന്ധിജിയും ആദ്യകാല രാഷ്ട്ര നേതാക്കളും വിഭാവനം ചെയ്ത സുന്ദരമായ ഒരിന്ത്യ എന്നും ഇവിടെ നിലനിൽക്കണമെന്നാണ് നാമോരോരുത്തരുടേയും ആഗ്രഹവും സ്വപ്നവും. നമുക്ക് എന്നും സ്വാതന്ത്ര്യത്തിന്റെ കാവലാളുകളാവാം.

ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്യ ദിനാശംസകൾ