ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ കനത്ത പോളിംഗ്; ഉയർന്ന പോളിങ് ശതമാനവുമായി കണ്ണൂരും വയനാടും

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പോളിങ് രേഖപ്പെടുത്തി. ഒരു മാസം നീണ്ട ആവേശ പ്രചാരണത്തിനു കൊട്ടിക്കലാശത്തിനുശേഷം കേരളം വിധിയെഴുതി. മഴയും വോട്ടിംഗ് മെഷീനെക്കുറിച്ച് ഉയർന്ന പരാതികളും വോട്ടിംഗ് മെഷീൻ തകരാറുമൊന്നും പോളിംഗിനെ ബാധിച്ചില്ല. മണിക്കൂറുകൾ കാത്തുനിന്ന് ജനങ്ങൾ അവരുടെ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തത് കണ്ണൂർ മണ്ഡലത്തിലാണ്. കണ്ണൂരിനോട് ചേര്‍ന്ന് കിടക്കുന്ന കാസര്‍ഗോഡും വയനാടും പിന്നെ പാലക്കാടും പോളിംഗ് ശതമാനം ഉയരത്തില്‍ തന്നെയാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 74.02 ആയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 77 ശതമാനം ആയി. ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ ഇതിന് മുകളിലേക്കും പോളിംഗ് ശതമാനം ഉയരുമെന്ന് കണക്കുകൂട്ടാം.വോട്ടിംഗിന്‍റെ അവസാന മണിക്കൂറുകളിലും മിക്ക ബൂത്തുകളിലും ജനങ്ങൾ വോട്ട് ചെയ്യാനെത്തി.

തെക്കന്‍ കേരളത്തില്‍ കൊല്ലത്തും പത്തനംതിട്ടയിലുമാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. മധ്യകേരളത്തില്‍ ചാലക്കുടിയിലും കോട്ടയത്തും നല്ല രീതിയില്‍ പോളിംഗ് ഉണ്ടായിരുന്നു. അതേസമയം മലപ്പുറം, പാലക്കാട് ജില്ലകളുടെ ഭാഗമായ പൊന്നാനി പോളിംഗില്‍ പിന്നോക്കം പോയി.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്ന വയനാട്ടിൽ അഞ്ച് മണിയ്ക്ക് മുന്‍പ് തന്നെ പത്ത് ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി. യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. പതിമൂന്നര ലക്ഷം വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്. 2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്ക്. ഉയർന്ന പോളിംഗ് ശതമാനം ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഉയർന്ന പോളിംഗ് ശതമാനം ഗുണമാകുമെന്ന് മൂന്ന് മുന്നണികളും കണക്കുകൂട്ടുന്നു.