മനാമ: ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാർഥികൾക്ക് മാർഗനിർദേശം നൽകുന്നതിന് ‘എയിം 22’ എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കപൂർ ഡെവലപ്മെന്റൽ കൺസൾട്ടന്റ്സുമായി സഹകരിച്ച് നടത്തുന്ന പരിപാടി സെപ്റ്റംബർ രണ്ടിന് രാവിലെ 9.30 മുതൽ 12 വരെ ജുഫൈര്‍ നവാരസ് ടവർ ഓഡിറ്റോറിയത്തില്‍ നടക്കും. 13 മുതൽ 18 വരെ പ്രായമുള്ളവർക്ക് പരിപാടിയിൽ പങ്കെടുക്കാം.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഏത് കോഴ്സിന് ചേരണം, എവിടെ പഠിക്കണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർഥികളും രക്ഷിതാക്കളും ആശയക്കുഴപ്പത്തിലാകാറുണ്ട്. സ്വന്തം അഭിരുചി തിരിച്ചറിയാനും അതിന് യോജിക്കുന്ന കോഴ്സുകളിൽ ചേർന്ന് ഉന്നത പഠനം നടത്താനും പലർക്കും സാധിക്കാറില്ല. ഏതെങ്കിലും കോഴ്സിന് ചേർന്ന് ഭാവി ജീവിതം പ്രതിസന്ധിയിലാക്കുന്ന നിരവധി പേരുണ്ട്. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾക്ക് കൃത്യമായ മാർഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ബോധവത്കരണ പരിപാടി നടത്തുന്നതെന്ന് യു.പി.പി ചെയർമാൻ എബ്രഹാം ജോൺ പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കുന്നതിന് രണ്ട് ദീനാർ രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രോഗ്രാമിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് അഭിരുചി പരീക്ഷ നടത്തി അതിനനുസരിച്ചുള്ള മാർഗനിർദേശം ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവര്ക്ക് 34153933, 39091901, 38940444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേളനത്തില്‍ യു.പി.പി നേതാക്കളായ ബിജു ജോർജ്, ഹരീഷ് നായര്‍, എഫ്.എം. ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, എബി തോമസ്, ദീപക് മേനോന്, മോഹന്‍കുമാര്‍ നൂറനാട്, അന്‍വര്‍ ശൂരനാട് എന്നിവരും പങ്കെടുത്തു.