മനാമ: ഒരു മാസത്തെ പലിശ മുടങ്ങിയതിനു മലയാളിയായ ഇരയെ കാറിൽ കയറ്റിക്കൊണ്ടു പോവാൻ ശ്രമം. കഴിഞ്ഞ ദിവസം റിഫയിൽ ആണ് സംഭവം എന്ന് പലിശ വിരുദ്ധ സമിതി പ്രവർത്തകരോട് ഇദ്ദേഹം പരാതിപ്പെട്ടു. റിഫയിൽ മലയാളികളായ പലിശക്കാർ വീണ്ടും സജീവമായിരിക്കുകയാണ്. ഈസ്റ്റ് റിഫയിൽ താമസക്കാരനായ ഇദ്ദേഹം മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഒരു മലയാളിയിൽ നിന്നും 550 ദീനാർ
പലിശക്ക് വാങ്ങിയത്. ഇദ്ദേഹത്തിന്റെ നാട്ടിലെയും ഇവിടത്തെയും എ .ടി.എം.
കാർഡുകളും അതിന്റെ പാസ്‌വേഡുകളും ഈടായി നൽകിയിരുന്നു. എല്ലാ മാസവും
ശമ്പളത്തിൽ നിന്നും പലിശ ഇനത്തിൽ 49.500 ദീനാർ പലിശക്കാരൻ എടുക്കുകയും ബാക്കി ഇരക്ക് നൽകുകയും ആണ് ചെയ്തുു വന്നിരുന്നത്. ഒന്നര വര്ഷം മുൻപ് 300
ദീനാർ മുതൽ ഇനത്തിൽ തിരിച്ചു നൽകിയിരുന്നു. ആറു മാസങ്ങൾക്ക് മുൻപ് വീണ്ടും ഇദ്ദേഹം 250 ദീനാർ കൂടി വാങ്ങുകയും ചെയ്തു. നിലവിൽ 500
ദീനാറിന്റെ മുതലിനുള്ള 45 ദീനാറാണ് മാസാന്തം പലിശ നൽകികൊണ്ടിരിക്കുന്നത്. ഇതിനിടയിൽ എ.ടി.എമ്മിൻറെ കാലാവധിി കഴിഞ്ഞതിനാൽ അത് പുതുക്കാൻ വേണ്ടി പലിശക്കാരൻ മാർച്ചു മാസത്തിൽ തിരിച്ചു നൽകി. ഇദ്ദേഹം പ്രമേഹം,
രക്തസമ്മര്ദം എന്നീ രോഗങ്ങൾ മൂലം പ്രയസമനുഭവിക്കുന്ന ആള് കൂടിയാണ്.
മരുന്നുകൾ വാങ്ങാൻ ഇദ്ദേഹത്തിന് മാസത്തിൽ ഏതാണ്ട് 45 ദീനാർ ചെലവ് വരും. നേരത്തെ ജോലി സ്ഥലത്തു നിന്നും മരുന്നുകൾ കിട്ടുമായിരുന്നുവെങ്കിലും
ഇപ്പോൾ കിട്ടുന്നില്ല. അത് കാരണം മാർച്ചിലെ പലിശ മുടങ്ങുകയും പലിശക്കാരൻ ഇദ്ദേഹത്തെ നിരന്തരം ഫോണിലൂടെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയും
ചെയ്യുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം കാറിൽ ബലമായി കയറ്റി കൊണ്ട് പോവാൻ പലിശക്കാരനും സംഘവും ശ്രമിച്ചത്. ഇതിനെ തുടർന്ന് ഇദ്ദേഹം വല്ലാതെ ഭയപ്പെടുകയും സംസാരിക്കാൻ പോലും സാധിക്കാത്ത നിലയിലുമാണ് പലിശ വിരുദ്ധ സമിതിക്ക് പരാതി നൽകാനെത്തിയത്. തുടർന്ന് സമിതിയുടെ പ്രവർത്തകർ പലിശക്കാരനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായില്ല
എന്ന് സമിതി പ്രവർത്തകർ അറിയിച്ചു.
ഇടക്കാലത്ത് മാളത്തിലൊളിച്ച റിഫയിലെ
പലിശക്കാർ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണെന്ന്
പലിശവിരുദ്ധ സമിതി എക്സിക്റ്റീവ് കമ്മിറ്റി വിലയിരുത്തി. പലിശക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. നാസർ
മഞ്ചേരി, രാജൻ പയ്യോളി, ഷാജിത്ത്, ഷിബു പത്തനംതിട്ട, നിസാർ കൊല്ലം,
ദിജേഷ് തുടങ്ങിയവർ സംസാരിച്ചു.