മനാമ: ദുരിതങ്ങളുടെ പ്രവാസ ജീവിതത്തിൽ നിന്ന് സുലൈമാൻ നാട്ടിലേക്ക് തിരിക്കുകയാണ്. പ്രയാസങ്ങളുടെ തുരുത്തിൽ നിന്നും, ഒരു ദശാബ്ദം മുൻപ് പ്രവാസ തീരത്തേക്ക് കടൽ കടന്നെത്തി,
നാളിതുവരെ ഉറ്റവരെയും ഉടയവരെയും കാണാൻ തിരികെ നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന, കൊല്ലം- തേവലക്കര സ്വദേശി പാലക്കൽ പഴിഞ്ഞിക്കിഴക്കര വീട്ടിൽ ‘സുലൈമാൻ’ എന്ന അൻപത്തിനാലുകാരൻ ദുരിതപർവങ്ങൾക്കുശേഷം നാടണയാൻ ഒരുങ്ങുന്നു.
പ്രവാസി മലയാളിയുടെ ചതിയിൽപ്പെട്ട് പാസ്പോർട്ടും വിസയുമില്ലാതെ ഒരു ടെറസിന് മുകളിൽ വെയിലും മഴയുമേറ്റ് കഴിഞ്ഞ ഇദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞയുടൻ അവിടെ എത്താനും താമസ സൗകര്യമുൾപ്പടെയുള്ള അടിയന്തിര സഹായങ്ങൾ നൽകുവാനും ബഹ്റൈനിലെ സ്നേഹ- സേവന സന്നദ്ധരായ സാമൂഹിക പ്രവർത്തകർക്ക് കഴിഞ്ഞു. പാസ്പോർട്ട് പോലും നഷ്ടപെട്ട സുലൈമാന് എത്രയുവേഗം നാടണയുവാൻ സഹായം തേടി പ്രവർത്തകർ എൽ.എം.ആർ.എ, എമിഗ്രേഷൻ , ഇന്ത്യൻ എംബസ്സി, തുടങ്ങിയവരുമായി ബന്ധപ്പെടുകയും, യാത്രക്കായുള്ള നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. വിസയില്ലാതെ നിന്നതിന്റെയും മറ്റും ശിക്ഷാ നടപടികൾ ഒഴിവാക്കി പേപ്പറുകൾ ഇന്ന് ശരിയാക്കിയിട്ടുണ്ടെന്നും നാട്ടിലേക്ക് പോകുവാൻ തയ്യാറായിക്കൊള്ളാനും എമിഗ്രേഷനിൽ നിന്നും അറിയിക്കുകയുണ്ടായി. നാട്ടിലേക്ക് പോവാനുള്ള ഇന്ത്യൻ എംബസ്സി ഔട്ട് പാസ്സും വിമാന ടിക്കറ്റും ശരിയാക്കുന്നുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.
എന്നാൽ തിരികെ നാട്ടിലെത്തുമ്പോൾ വീണ്ടും പ്രാരാബ്ധങ്ങളുടെ നടുവിലേക്കാണ് ഇദ്ദേഹം ചെന്നെത്തുന്നത്. അദ്ദേഹത്തിന്റെ നാട്ടിലെ അവസ്ഥ ഏറെ ദുഖകരമാണ്. എൺപത്തിയഞ്ചുവയസ്സുള്ള വൃദ്ധയായ മാതാവുൾപ്പാടെയുള്ള കുടുംബത്തിന് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ വാടക വീട്ടിലാണ് അന്തിയുറങ്ങുന്നത്. കൂടാതെ നാട്ടിലെത്തിയാലുള്ള ജീവിത ചെലവുകളെക്കുറിച്ചോർത്തും ഏറെ ഭയക്കുന്നുണ്ട് സുലൈമാൻ. ഈ സഹോദരനെയും കുടുംബത്തെയും സഹായിക്കുവാൻ സുമനസ്സുകളുടെ സഹായം അനിവാര്യമാണ്. ഇദ്ദേഹത്തിന് നാട്ടിൽ സുഗമമായ ജീവിതം നയിക്കാൻ കരുണ വറ്റാത്ത നന്മ നിറഞ്ഞ മനസ്സിനുടമകളായ മനുഷ്യരുടെ അകമഴിഞ്ഞ സഹായം ഉണ്ടാകണമെന്ന് സാമൂഹ്യ പ്രവർത്തകർ അഭ്യ്യർഥിച്ചു. ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ: 33311919, 33642736.