മനാമ: ഗൾഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്പോപ് നർത്തകരെ ഉൾപ്പെടുത്തി ബഹ്‌റൈനിൽ നടന്ന ഗൾഫ് ഓൾ സ്റ്റൈൽ ഡാൻസ് മത്സരത്തിൽ ഓറ ആർട്സ് സെന്‍ററിലെ ഹിപ്പോപ് മാസ്റ്റർ വൈഭവ് ദത്ത് ഒന്നാമനായി. ഗൾഫ് നാടുകളിൽ നിരവധി തവണ ചാമ്പ്യന്മാരായ 15ഓളം പ്രശസ്ത നർത്തകരെ പിന്നിലാക്കിയാണ് വൈഭവ് ദത്ത് ഈ നേട്ടം കൈവരിച്ചത്. തത്സമയം നൽകുന്ന മ്യൂസിക്കിനനുസരിച്ച് ഡാൻസ് ചെയ്യണമെന്നതാണ് ഈ മത്സരത്തിലെ വ്യവസ്ഥ. മത്സരത്തിലെ ഏറ്റവും കുറഞ്ഞ പ്രായമുള്ള മത്സരാർഥി എന്ന സ്ഥാനവും വൈഭവ് സ്വന്തമാക്കി. ബഹ്‌റൈനിലും മറ്റു ഗൾഫു നാടുകളിലുമായി നൂറുകണക്കിന് വേദികളിൽ ഹിപ്പോപ് ഡാൻസ് അവതരിപ്പിച്ച് ശ്രദ്ധയനായ ഈ ചെറുപ്പക്കാരൻ മോഡലിങ് രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ എസ്.ടി.സി ഉൾപ്പെടെ ബഹ്‌റൈനിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ വൈഭവ് ദത്ത് അഭിനയിച്ചിട്ടുണ്ട്. മുമ്പ് ബ്രിട്ടീഷ് സ്കൂളിൽ നടത്തിയ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടിയിരുന്നു.
ഇന്ത്യ, ഇറ്റലി, ഫിലിപ്പീൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്തരായ ഗുരുക്കന്മാരുടെ കീഴിൽ അഞ്ചു വർഷത്തോളമായി ഹിപ്പോപ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായിരുന്നു. ഇപ്പോൾ ബിരുദ പഠനത്തിനൊപ്പമാണ് നൃത്തരംഗത്തും മികവിന്റെ ഉയരങ്ങൾ താണ്ടുന്നത്. ഏഴ് മാസം മുമ്പുണ്ടായ ഗുരുതരമായ അപകടത്തെ അതിജീവിച്ചാണ് വൈഭവ് നൃത്തമേഖലയിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. അംവാജിൽ പരിപാടി അവതരിപ്പിച്ച് മടങ്ങുമ്പോൾ വൈഭവും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈഭവ് രണ്ടുദിവസത്തോളം ഐ.സി.യുവിൽ കഴിഞ്ഞശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. പ്രശസ്ത സ്റ്റേജ് ഷോ സംഘാടകനായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ് ദത്തിന് ഹിപ്പോപ് രംഗത്ത് ഗൾഫിൽ നിരവധി ശിഷ്യന്മാരുണ്ട്. ജ്യേഷ്ഠൻ വൈഷ്ണവ് ദത്തും അറിയപ്പെടുന്ന ഡാൻസറും മോഡലുമാണ്.