മനാമ: പൊതു ഇടങ്ങളിൽ നിയമ വിരുദ്ധമായ യാചനയിൽ ഏർപ്പെട്ടതിന് ബഹ്‌റൈൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി 563 യാചകരെ അറസ്റ്റ് ചെയ്തു. 2021 സെപ്റ്റംബർ മുതൽ 2022 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടികൂടിയവർക്കെതിരെ പിഴയും നാടുകടത്തലും അടക്കമുള്ള വിവിധ നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയതായി പോലീസ് ഡയറക്റ്ററേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. രാജ്യത്ത് യാചന കർശനമായി നിരോധിച്ചതാണെന്നും പൊതുജനങ്ങൾ യാചകർക്ക് സഹായങ്ങൾ നൽകുന്നതിന് പകരം നിയമ നടപടികൾക്കായി ബന്ധപ്പെട്ട വൃത്തങ്ങളെ അറിയിക്കുകയാണ് വേണ്ടതെന്നും പോലീസ് ഡയറക്റ്ററേറ്റ് അഭ്യർത്ഥിച്ചു.