മനാമ: യൂട്ടിലിറ്റി ബിൽ അടക്കാൻ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്നതിന് ഭാരത് ബിൽപേയും ഫെഡറൽ ബാങ്കും ലുലു ഫിനാൻഷ്യൽ ഗ്രൂപ്പുമായി ധാരണയിലെത്തി. ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് വഴിയോ ലുലു മണി ആപ്പ് വഴിയോ ഗാർഹിക യൂട്ടിലിറ്റി ബിൽ 20,000ഓളം ബില്ലർമാർക്ക് നേരിട്ട് അയക്കാം. ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ സൗകര്യം പ്രയോജനപ്പെടും. പ്രവാസി ഇന്ത്യക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.
ജി.സി.സിയിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ യൂട്ടിലിറ്റി ബില്ലുകൾ ഏതെങ്കിലും ലുലു എക്സ്ചേഞ്ച് ബ്രാഞ്ച് വഴിയും ഡിജിറ്റൽ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി വഴിയും നേരിട്ട് അടക്കാൻ കഴിയും. നിലവിൽ, 20 വിഭാഗങ്ങളിലായി 20,000ത്തിലധികം ബില്ലർമാർ ലുലു എക്സ്ചേഞ്ച് നെറ്റ്‍വർക്കിലൂടെ ബിൽ തുക സ്വീകരിക്കുന്നതാണ്. എൻ.ബി.ബി.എൽ, ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് എന്നിവയുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാർക്കായി ഈ സൗകര്യം ആദ്യമായി അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു.
ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് അയക്കുന്ന പണത്തിന്മേൽ കൂടുതൽ നിയന്ത്രണം സാധ്യമാക്കാൻ പുതിയ സംവിധാനം വഴിയൊരുക്കുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.