മനാമ: ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും പുറത്തുവിട്ട സന്ദർശകവിസയിൽ വരുന്നവർക്കുള്ള നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് ഓർമ്മപ്പെടുത്തി ഇന്ത്യൻ എംബസി. എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ എയർലൈനുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സംബന്ധിച്ച് ഉറപ്പുവരുത്തണമെന്ന് എംബസി നിർദേശിച്ചു. ബഹ്റൈൻ എയർപോർട്ടിൽ എത്തിയശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാവരും നിബന്ധനകൾ കൃത്യമായി പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
സന്ദർശകവിസയിൽ വന്ന് വിമാനത്താവളത്തിൽ നിന്ന് തിരിച്ചുപോകേണ്ടിവരുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് ബഹ്റൈൻ എയർപോർട്ട് കമ്പനി നിബന്ധനകൾ കർശനമാക്കിയത്. കഴിഞ്ഞദിവസങ്ങളിൽ നൂറുകണക്കിനാളുകൾക്ക് വിമാനത്താവളത്തിൽനിന്ന് തിരിച്ചുപോകേണ്ടിവന്നിരുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കാതെ എത്തിയവരാണ് പ്രയാസത്തിലായത്.
പുതുക്കിയ നിബന്ധനകൾ:
1. സാധുതയുള്ള ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബഹ്റൈനിലെ സ്പോൺസറുടെ താമസസ്ഥലത്തിന്റെ രേഖ (ഇലക്ട്രിസിറ്റി ബിൽ, വാടക കരാർ). കവറിങ് ലെറ്റർ, സി.പി.ആർ റീഡർ കോപ്പി എന്നിവ സഹിതമാണ് സമർപ്പിക്കേണ്ടത്.
2. ബഹ്റൈനിലെ എമിഗ്രേഷൻ നടപടികളുടെ സമയത്ത് സാധുവായ ടിക്കറ്റ് നമ്പറോടുകൂടിയ റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.
3. ബഹ്റൈനിലെ താമസത്തിനുള്ള ചെലവുവഹിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നതിനുള്ള രേഖ. (ഇവിടെ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദീനാർ വീതം, അല്ലെങ്കിൽ 1000 യു.എസ് ഡോളർ. വ്യത്യസ്ത എയർലൈനുകൾക്കനുസരിച്ച് ഇതിൽ മാറ്റം വരും).