ടിക് ടോക് നിരോധിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി നീക്കി. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റേതാണ് വിധി. ഹർജിയിൽ അടിയന്തരമായി തീരുമാനമെടുക്കണമെന്നു സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചിരുന്നു. അശ്ലീല ഉള്ളടക്കത്തെ തുടർന്നു ടിക് ടോക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്നു ഈ മാസം 18നാണ് ആപ്പ് പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.
ടിക് ടോകിലെ വിവാദങ്ങൾ നിയന്ത്രിക്കാൻ സംവിധാനം ഉണ്ടെന്നുള്ള കമ്പനിയുടെ മറുപടി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ആപ്പ് വീണ്ടും പ്ലേ സ്റ്റോറിൽ ലഭ്യമാക്കും. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്. നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു.