മനാമ: ഇന്ത്യൻ കലാസാംസ്കാരിക വിഷയങ്ങളുടെ അഭ്യസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്സ് ആഗോള ചെസ് പരിശീലന സ്ഥാപനമായ ഹോബ്സ്പേസുമായി കൈകോർക്കുന്നതായി അറിയിച്ചു.
കലാസാംസ്കാരിക രംഗങ്ങളിൽ ഏറ്റവും ചിട്ടയോടെയും പാരമ്പര്യത്തനിമയോടെയും ഉള്ള വിദ്യാഭ്യാസം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2003ൽ പ്രവർത്തനമാരംഭിച്ച ഐ.ഐ.പി.എയുടെ പുതിയ കാൽവെപ്പാണ് ഐ.ഐ.പി.എ ചെസ് അക്കാദമി.
ഹോബ്സ്പേസ് തയാറാക്കിയ പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തിലുള്ള ക്ലാസുകളിലൂടെ ഇന്ത്യ, യു.എസ്, കാനഡ, യു.കെ, പടിഞ്ഞാറൻ യൂറോപ്പ്, യു.എ.ഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ തങ്ങളുടെ സാന്നിധ്യം വ്യക്തമാക്കിയിട്ടുള്ള സ്ഥാപനമാണ്. ഗ്രാൻഡ്മാസ്റ്റർ ആർ.ബി. രമേശിന്റെയും ആരതി രമേശിന്റെയും മേൽനോട്ടത്തിലാണ് ക്ലാസുകളുടെ രൂപരേഖ തയാറാക്കിയിരിക്കുന്നത്. ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ അടുത്തിടെ മൂന്നുവട്ടം തോൽപിച്ചു വാർത്തകളിൽ ഇടംനേടിയ 17കാരൻ മാസ്റ്റർ പ്രഗ്നാനന്ദയുടെ കോച്ച് എന്ന നിലയിൽ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് ഗ്രാൻഡ്മാസ്റ്റർ ആർ.ബി. രമേഷ്. ഐ.ഐ.പി.എ ചെസ് അക്കാദമി ക്ലാസുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ക്ലാസുകൾ ഒക്ടോബറിൽ തുടങ്ങും.
വിശദവിവരങ്ങൾക്ക് ഐ.ഐ.പി.എ ഓഫിസുമായി 38980680, 35102735 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.