പ്രവാസി വെൽഫെയർ പ്രഥമ ബിസിനസ് -സോഷ്യൽ ഐക്കൺ അവാർഡ് പമ്പാവാസൻ നായർക്ക്

മനാമ: പ്രവാസി വെൽഫെയർ ബഹ്‌റൈൻ ഏർപ്പെടുത്തിയ പ്രഥമ “ബിസിനസ് – സോഷ്യൽ ഐക്കൺ” അവാർഡ് പമ്പാവാസൻ നായർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈനിലെയും ജി. സി. സിയിലെയും ബിസിനസ് രംഗത്ത് ഇതിനകം ശ്രദ്ധേയമായ നേട്ടം കൈവരിച്ച പമ്പാവാസൻ നായർ ജീവകാരുണ്യ രംഗത്തും വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിത്വമാണ്. സാമൂഹിക പ്രവർത്തകരെയും ജീവകാരുണ്യ പ്രവർത്തനത്തെയും ഏറെ വില മതിക്കുന്ന അദ്ദേഹം കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സാം സാമുവലിന്റെ കുടുംബത്തെ സഹായിക്കാനും മുൻ പന്തിയിലുണ്ടായിരുന്നു. സമാനമായ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേരിട്ടും അല്ലാതെയും നേതൃത്വം നൽകി വരുന്നുണ്ട്.

പ്രവാസി വെൽഫെയർ ബഹ്‌റൈൻ “മെഡ്കെയർ “, “വെൽകെയർ” എന്നീ ലേബലുകളിൽ നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന ഒരു കൂട്ടായ്മയാണ്. ജീവ കാരുണ്യ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ ആദരിക്കുകയും അതിലൂടെ ബിസിനസ് മേഖലയിലുള്ളവർക്ക് അടക്കമുള്ളവർക്ക് സേവന രംഗത്ത് കടന്നു വരാനുള്ള പ്രചോദനം നൽകുകയും ചെയ്യുകയെന്നതാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.

നാളെ സിഞ്ച് അൽ അഹ്‌ലി ക്ലബ്ബിൽ വെച്ച് നടക്കുന്ന പ്രവാസി നൈറ്റിൽ വെച്ചാണ് ആദരവ് നൽകുക. വൈകിട്ട് കൃത്യം ആറ് മണിക്ക് ആരംഭിക്കുന്ന പരിപാടി ബഹ്‌റൈൻ പാർലമെന്റ് അംഗം അഹമ്മദ് യൂസഫ് അൽ അൻസാരി ഉദ്‌ഘാടനം നിർവഹിക്കും. വേറിട്ട ജീവ കാരുണ്യ പ്രവർത്തനത്തിലൂടെ രാജ്യത്ത് ശ്രദ്ധേയനായ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അഹമ്മദ് അൽ ദൈലമി (ബാബാ ഖലീൽ) വിശിഷ്ടാതിഥിയായി പങ്കെടുക്കും. പരിപാടിയിൽ സ്വദേശികളും വിദേശികളുമടക്കം നിരവധി സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയൊണാനുബന്ധിച്ച് ഏറെ ആകർഷകവും വ്യത്യസ്‌തവുമായ വ്യത്യസ്തങ്ങളായ കലാപരികളും അരങ്ങേറുമെന്ന് പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, ജന. സെക്രട്ടറി സി.എം മുഹമ്മദലി എന്നിവർ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ അബ്ദുൽ മജീദ് തണൽ വ്യക്തമാക്കി.