മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മധ്യപൂര്‍വ ദേശത്തെ മാതൃ ദേവാലയമായ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 63ാമത് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കൊടിയേറി. വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം ഫാ. ജോർജ് പൗലോസ് കോര്‍-എപ്പിസ്കോപ്പ കൊടിയേറ്റ് നിർവഹിച്ചു.
ഒക്ടോബര്‍ ഒമ്പത് വരെ നടക്കുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ മൂന്ന്, നാല്, ആറ് തീയതികളില്‍ നടക്കുന്ന വചന ശുശ്രൂഷക്ക് കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയുമായ ഫാ. ഡോ. തോമസ് വർഗീസ് അമയില്‍ നേതൃത്വം നല്‍കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍വെച്ച് കാതോലിക്കാ ബാവക്ക് സ്വീകരണം നല്‍കും. ബഹ്റൈനിലെ സാമൂഹിക, മത രംഗത്തെ പ്രമുഖർ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ സന്ധ്യ നമസ്കാരം, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, ആശീര്‍വാദം, കത്തീഡ്രല്‍ പുനരുദ്ധാരണ കമ്മിറ്റിയെ ആദരിക്കല്‍ എന്നിവ നടക്കും.
ഞായറാഴ്ച വൈകീട്ട് 6.15 മുതല്‍ സന്ധ്യ നമസ്കാരം, കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുർബാന, കത്തീഡ്രലില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും 10,12 ക്ലാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിക്കുന്ന ചടങ്ങ്, സുവനീര്‍ പ്രകാശനം എന്നിവയും നടക്കുമെന്ന് ഇടവക വികാരി ഫാ. പോള്‍ മാത്യു, സഹ വികാരി ഫാ. സുനില്‍ കുര്യന് ബേബി, കത്തീഡ്രല്‍ ട്രസ്റ്റി സാമുവേല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി എന്നിവര്‍ അറിയിച്ചു.