bahrainvartha-official-logo
Search
Close this search box.

കാലാതിവർത്തിയായ പ്രവാചകൻ – ജമാൽ ഇരിങ്ങൽ എഴുതുന്നു

New Project - 2022-10-08T143550.325

വിശ്വമാനവികതയുടെ മഹാ ആചാര്യനും കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും അപ്പോസ്തലനുമായ പ്രവാചകൻ മുഹമ്മദ് നബിയുടെ ദർശനങ്ങളും ജീവിത കാഴ്ചപ്പാടുകളും ഏറെ പ്രസക്തമായ ഒരു കാലഘട്ടമാണിത്. ചിലർ ബോധപൂർവം സമൂഹത്തിൽ വെറുപ്പും ചിദ്രതയും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അപരവൽക്കരണവും ആൾക്കൂട്ടക്കൊലയും ഇന്നിന്റെ നടപ്പുശീലങ്ങളായിട്ട് കാലം കുറച്ചായി. ഒരേ രാജ്യത്തെ പൗരന്മാർ തന്നെ പരസ്പരം സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കപ്പെടുന്ന കലികാലം. ഉറ്റവരുടെയും ഉടപ്പിറപ്പുകളുടെയും മുന്നിലിട്ട് പച്ചക്ക് വെട്ടിനുറുക്കാനും കത്തിക്കാനും കൈ വിറക്കാത്ത മനുഷ്യർ ജീവിക്കുന്ന ആസുരകാലം കൂടിയാണിത്. ഓരോ കലാപങ്ങളിലും കലഹങ്ങളിലും അനാഥകളും അഗതികളുമാക്കപ്പെടുന്നത് ആയിരങ്ങളാണ്. പണവും പദവിയുമാണ് ഈ കാലത്ത് ബന്ധങ്ങളുടെ അടിസ്ഥാനവും ആധാരവും. ചിരിയും സൗഹൃദങ്ങളും അളന്നു മുറിച്ചും ആളെ നോക്കിയുമാണ്. പരസ്പരമുള്ള ശത്രുതയും പകയും കുടിലതയും അരങ്ങു വാഴുന്നുണ്ട്. ആർത്തട്ടഹസിച്ചു വരുന്ന തിന്മയുടെതേരോട്ടം അതിന്റെ പാരമ്യത്തിലുമാണ്.

ഈ കലുഷമായ സാമൂഹിക അന്തരീക്ഷത്തിൽ സ്നേഹത്തിന്റെ നിറകുടമായ പ്രവാചകനെ ഓർക്കുക എന്നത് തന്നെ മഹത്തായൊരു പുണ്യമാണ്. തിരുകാരുണ്യം ഈ പ്രപഞ്ചത്തിലേക്ക് മഹാ പ്രവാഹമായി ഒഴുകുകയായിരുന്നു. ആ സ്നേഹ സാഗരത്തിൽ ആസ്വാദനത്തിന്റെ അനശ്വരഗാഥകൾ രചിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സഹചരും സഖാക്കളും ആ കാരുണ്യത്തിൽ വിലയം പ്രാപിക്കുകയായിരുന്നു.

മാനവചൈതന്യം മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണെന്ന് ലോകത്തെ പഠിപ്പിച്ചത് മുഹമ്മദ് നബിയാണ്. അത് കൊണ്ടാണ് ശ്രീനാരായണ ഗുരു പ്രവാചകനെ ‘കരുണാവാന്‍ നബി മുത്ത് രത്‌നം’ എന്ന് വിശേഷിപ്പിച്ചത്. മനുഷ്യന്‍ ആന്തരവത്കരിക്കേണ്ട ഏറ്റവും മഹത്തായ മൂല്യമാണ് കാരുണ്യം എന്നത്. 114 അധ്യായങ്ങളുള്ള ഖുർആനിൽ 113 അധ്യായങ്ങളും ആരംഭിക്കുന്നതും ഈ കാരുണ്യത്തെ പ്രഘോഷിച്ചു കൊണ്ടാണ്. സ്നേഹത്തിലും കാരുണ്യത്തിലും ത്യാഗത്തിലുമധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എപ്പോഴും തന്നെക്കാൾ അപരന് മുൻ‌തൂക്കം കൊടുത്തിരുന്ന മനുഷ്യസ്നേഹി. തന്റെ 23 വർഷം നീണ്ടു നിന്ന പ്രവാചക ജീവിതം തന്നെ ലോകത്തിനു മുന്നിൽ ഒരു സന്ദേശമായി തുറന്നു വെക്കുയായിരുന്നു അദ്ദേഹം.

കാരുണ്യത്തിന്റെ പ്രയോഗികരൂപങ്ങൾ ലോകത്തിനു മുന്നിൽ സമർപ്പിച്ച അദ്ദേഹം സഹോദര്യത്തെയും നമുക്ക് മുന്നിൽ മനോഹരമായി അനാവരണം ചെയ്തു തന്നു. മനുഷ്യ ചരിത്രത്തിൽ സാഹോദര്യത്തെ ഒരു സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മൂല്യമായി വികസിപ്പിച്ചത് പ്രവാചകൻ മുഹമ്മദ് നബിയാണ്. മുസ്‌ലിം വിശ്വാസികൾക്കിടയിൽ മാത്രം ഉണ്ടാവേണ്ട ഒന്നല്ല സാഹോദര്യം എന്ന് അദ്ദേഹംപഠിപ്പിച്ചു. എല്ലാ മനുഷ്യർക്കിടയിലും ഒഴുകിപരക്കേണ്ട ഒരു മഹത്തായ മൂല്യമാണ് സാഹോദര്യം. ഈ ആശയത്തിന് സ്വന്തം ജീവിതം കൊണ്ട് പ്രായോഗികഭാഷ്യം രചിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

അറിവിന്റെ ആഘോഷമായ വിജയദശമി കഴിഞ്ഞ ദിവസമാണ് ആഘോഷിക്കപ്പെട്ടത്. ലോകത്തിന്റെ പലയിടങ്ങളിലായി ലക്ഷക്കണക്കിന് കുരുന്നുകളാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്. അറിവ് ആയുധമാണ്. നെറികേടിനെതിരെയും തിന്മക്കെതിരെയും പോരാടാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ദിവ്യായുധം . 40 വയസ് വരെ മുഹമ്മദായി ജീവിച്ച അദ്ദേഹത്തെ അറിവിന്റെ പാരാവാരത്തിലേക്ക് ദൈവം ആനയിക്കുകയായിരുന്നു. അറിവിലൂടെയാണ് അദ്ദേഹത്തിന് പ്രവാകത്വ പദവി ലഭിക്കുന്നത്. ഹിറാ ഗുഹയിൽ ധ്യാന നിമഗ്നനായി ഏകാന്തവാസത്തിലായിരുന്ന അദ്ദേഹത്തിന്റ മുന്നിലേക്ക് അറിവിന്റെ വെളിപാടുമായി ജിബ്‌രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു. കേവല അറിവ് മനുഷ്യന് തിരിച്ചറിവ് നൽകുകയില്ല. മറിച് ദൈവത്തെയും സമസൃഷിടികളെയും തിരിച്ചറിയുന്നിടത്താണ് അറിവ് അർത്ഥവത്താവുന്നത്.

”വായിക്കുക, സൃഷ്ടിച്ച നിന്റെ നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്നതില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക! നിന്റെ നാഥന്‍ അത്യുദാരനാണ്. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യനെ അവനറിയാത്തത് അവന്‍ പഠിപ്പിച്ചു” (ഖുർആൻ – 96: 1-5).

അദ്ദേഹത്തിന് ഇറങ്ങിയ ഈ ആദ്യ വെളിപാടിന്റെ വചനങ്ങൾ, വിജ്ഞാനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. വിശ്വാസത്തിന്റെ അടിസ്ഥാനം വിജ്ഞാനമാണ് എന്ന് ഈ തിരുസൂക്തത്തിലൂടെ അദ്ദേഹവും മനുഷ്യ സമൂഹവും പഠിപ്പിക്കപ്പെടുകയായിരുന്നു. മുഹമ്മദ് നബിക്ക് ലഭിച്ച പ്രാഥമികാധ്യാപനങ്ങളുടെ കാലികപ്രസക്തിക്ക് അടിവരയിടുമാറ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്ന മഹാശാസ്ത്രജ്ഞന്‍ ലോകത്തോട് പറഞ്ഞു: ‘വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും.’ ശരിയായ വിശ്വാസത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യക്തി സംസ്കരണത്തിന്റെയും സമന്വയമാണ് മനുഷ്യകുലത്തിനു ദിശ നിർണയിച്ചു കൊടുക്കാൻ സാധിക്കുക. വിദ്യാഭ്യാസവും വിജ്ഞാനവും കച്ചവൽക്കരിക്കപ്പെട്ട ഈ വർത്തമാനകാലത്തിൽ പ്രവാചകൻ മുന്നോട്ട് വെച്ച അറിവിനെ കുറിച്ച കാഴ്ചപ്പാടുകൾ ഏറെ ശ്രദ്ധേയമാണ്.

മനുഷ്യകുലത്തെ നന്മയിലേക്കും ശരിയിലേക്കും നയിക്കാനാണ് അദ്ദേഹം നിയോഗിക്കപ്പെട്ടത്. മനുഷ്യനിലെ മൗലികവും സാര്‍വജനീനവുമായ നന്മയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും അതിനെ തനതു ഭാവത്തില്‍ പ്രകാശിപ്പിക്കുകയുമാണ് പ്രവാചകന്‍ ചെയ്തത് .തിന്മകൾ അരങ്ങുവാണിരുന്ന ആറാം നൂറ്റാണ്ടിലെ ആ അപരിഷ്‌കൃതരായ കാട്ടറബികളെ മഹത്തായ ഒരു സംസ്കാരത്തിന്റെയും ആശയത്തിന്റെയും പിൻബലത്തോടെ ലോകത്തിന്റെ നെറുകയിലേക്ക് കൈ പിടിച്ചാനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അതോടൊപ്പം കാലാതിവർത്തിയായ ഒരു ആദർശത്തെ ലോകത്ത് സ്ഥാപിച്ചെടുക്കുകയും ചെയ്തു ആ മഹാ പ്രവാചകൻ.

അനാദിയായ ഈശ്വരപ്രബോധനങ്ങളാണ് ഇസ്‌ലാം. മുഹമ്മദ് നബി ഒരിക്കലും അതിന്റെ സ്ഥാപകനല്ല. അവയെല്ലാം മനുഷ്യര്‍ക്കെത്തിച്ചുകൊടുത്ത പ്രവാചകൻ മാത്രമാണ് അദ്ദേഹം. മനുഷ്യര്‍ ദൈവനിര്‍ദിഷ്ടമായ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ മാത്രമേ അവന്റെ ജീവിതം സാര്‍ഥകവും കൂടുതല്‍ വ്യവസ്ഥാപിതമാവുകയും ചെയ്യുകയുള്ളൂ. ഈയൊരവസ്ഥയിലേക്ക് മനുഷ്യനെ മാറ്റിപ്പണിയുന്നവരാണ് എല്ലാ പ്രവാചകന്മാരും. ”മുഴുവന്‍ മനുഷ്യരിലേക്കും ആയിട്ടല്ലാതെ (നബീ) താങ്കളെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരില്‍ അധികം പേരും ആ യാഥാര്‍ഥ്യം അറിയുന്നില്ല” (ഖുർആൻ – 34:28).

ഐക്യത്തിന്റെ മഹാപാഠങ്ങൾ അദ്ദേഹം സമൂഹത്തിനു മുന്നിൽ പകർന്നു നൽകിയിട്ടുണ്ട്. താനും തന്റെ ദർശനവും മാത്രം മതി ഈ ലോകത്തെന്ന് അദ്ദേഹം ഒരിക്കലും ശഠിച്ചില്ല. എല്ലാ മത വിശ്വാസികൾക്കും മതവിശ്വാസമില്ലാത്തവനും ഇടമുണ്ടായിരുന്നു അദ്ദേഹം കൊണ്ടുവന്ന ആശയപരിസരത്തിൽ. സംവാദങ്ങളേയും ആശയങ്ങളുടെ കൈമാറ്റത്തെയും അദ്ദേഹം ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. ആശയവൈവിധ്യങ്ങളും ദർശനവൈജാത്യങ്ങളും ഉള്ളതോടൊപ്പം തന്നെ യോജിപ്പിന്റെ തലങ്ങൾ കണ്ടെത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്ക.

അധികാരത്തിന്റെ പട്ടുമെത്തയിൽ ഇരുന്നു കൊണ്ട് മാത്രംഭരണനിർവഹണം നടത്തപ്പെട്ടിരുന്ന ഒരു സംസ്കാരത്തെ ചേർത്തുപിടിക്കലിന്റെയും പങ്കുവെക്കലിന്റെയും രാഷ്ട്രമീമാംസയിൽ അദ്ദേഹം മാറ്റിപ്പണിയുകയായിരുന്നു.
ലാളിത്യത്തിന്റെ നിറകുടമായിരുന്നു പ്രവാചകൻ. അധികാരത്തിന്റെ കിരീടവും ചെങ്കോലും മറ്റു ആടയാഭരണങ്ങളും മാറ്റിവെച്ചു ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വന്ന അദ്ദേഹം ഒരേ സമയം പ്രവാചകനും ഭരണാധികാരിയുമായിരുന്നു . അംബരചുംബികളായ കോട്ടകൊത്തളങ്ങളോ അംഗരക്ഷകരോ ഇല്ലാത്ത ഏത് സാധാരണക്കാരനും എപ്പോഴും പ്രാപ്യനായ മനുഷ്യസ്നേഹിയായ ഭരണാധികാരി കൂടിയായിരുന്നു പ്രവാചകൻ. പ്രവാചകന്റെ ലാളിത്യത്തെ കുറിച്ച് മഹാ കവി ഇഖ്ബാൽ ഇങ്ങനെയാണല്ലോ പറഞ്ഞത്

“അങ്ങ് പരുപരുത്ത മെടച്ചില്‍ പായയിലുറങ്ങി
പക്ഷേ കിസ്‌റയുടെ കിരീടം
അങ്ങയുടെ അനുയായികളുടെ
പാദത്തിനു ചുവടെ കിടന്നു.”

സ്ത്രീകൾക്ക് സമൂഹത്തിൽ പദവിയും മഹത്വവും സ്ഥാപിച്ചു കൊടുത്തു അദ്ദേഹം. സാമൂഹിക ഇടങ്ങളില്‍ ഭാഗധേയമില്ലാത്ത അന്തപ്പുരങ്ങളില്‍ മാത്രം ചടഞ്ഞുകൂടിയിരിക്കുന്ന സ്ത്രീകളായിരുന്നില്ല പ്രവാചക പത്‌നിമാരും സ്വഹാബി വനിതകളും. പരിധികൾ പാലിച്ചു കൊണ്ട് തന്നെ പല സന്ദർഭങ്ങളിലും പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചു പൊതു പ്രവർത്തനം നടത്തിയിരുന്നു അദ്ദേഹത്തിന്റെ കാലത്ത്. ഇസ്‌ലാമിന്റെ ആദ്യനൂറ്റാണ്ടുകൾ സ്ത്രീ ശാക്തീകരണത്തിന്റെ സുവർണ കാലഘട്ടമായിരുന്നു. പിന്നീട് കടന്നു വന്ന അദ്ദേഹത്തിന്റെ ദർശനത്തിന് അന്യമായ, മതപൗരോഹിത്യത്തിന്റെ നുകങ്ങൾ അവളിലേക്ക് എത്തുന്നത് വരെ അവൾ സ്വാതന്ത്രയായിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ അവളുടെ ശരിയായ സ്വത്വം ഒഴിവാക്കി വസ്ത്രത്തിലും ആചാരാനുഷ്ട്ടാനങ്ങളിലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അമിതമായ സ്ത്രീപുരുഷ സങ്കലനത്തിന് വേണ്ടി വാദിച്ച പുരോഗമന ലിബറല്‍ നാട്യത്തിനും ആധുനികലോകം സാക്ഷിയായി. ഇവ രണ്ടിനും മധ്യേയുള്ള വിമോചനവും സ്വാതന്ത്ര്യവുമാണ് പ്രവാചകൻ താത്ത്വികമായും പ്രായോഗികമായും മുന്നോട്ടു വെച്ചത്.

മൂല്യവത്തായ സമൂഹസൃഷ്ടിക്ക് അനിവാര്യമായ ഒരു സംവിധാനമായിട്ടാണ് പ്രവാചകൻ കുടുംബം എന്ന വ്യവസ്ഥയെ പരിചയപ്പെടുത്തുന്നത്. കുടുംബത്തിന്റെ ആധാരമായ വിവാഹത്തെ കെട്ടുറപ്പുള്ള ഒരു ഉടമ്പടിയായിട്ടാണ് അദ്ദേഹം മനുഷ്യകുലത്തെ പഠിപ്പിക്കുന്നത്. വിവാഹം എന്ന കര്‍മം മനുഷ്യസമുദായത്തിന്റെ സുരക്ഷിതത്വത്തിനും തെറ്റില്‍നിന്നും ചാരിത്ര്യഭംഗത്തില്‍നിന്നും മനുഷ്യരാശിയെ സ്വയം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി കല്‍പ്പിതമായിട്ടുള്ളതാണ്. “നിങ്ങളില്‍നിന്നുതന്നെ അല്ലാഹു നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും നല്‍കി’ (അന്നഹ്ല്‍: 72), ‘മനുഷ്യരേ, നിങ്ങളെ ഒരാത്മാവില്‍നിന്ന് സൃഷ്ടിക്കുകയും അതില്‍നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി ധാരാളം സ്ത്രീകളെയും പുരുഷന്മാരെയും ഭൂമിയില്‍ പരത്തുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ അവകാശങ്ങള്‍ ചോദിക്കുന്നത്, ആ അല്ലാഹുവിനെ ഭയപ്പെടുവിന്‍. കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവനത്രെ’ (ഖുർആൻ – 4:1).

ജീവിതത്തിന്റെ എല്ലാ സന്ദർഭങ്ങളും രേഖപ്പെടുത്തപ്പെട്ട മറ്റൊരു മനുഷ്യനും ചരിത്രത്തിൽ ഇതേവരെ കടന്നു പോയിട്ടുണ്ടാവില്ല. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളിലും ആവശ്യമായതും കാലാതിവർത്തിയായതുമായ മഹത്തായ പാഠങ്ങളാണ് അദ്ദേഹം നമുക്ക് മുന്നിൽ വരച്ചു വെച്ചത്. ഇനിയും ഏറെ വായിക്കപ്പെടേണ്ടതും മനസിലാക്കപ്പെടേണ്ടതുമായ ഒരു ദർശനം കൂടിയാണ് അദ്ദേഹം ലോകത്തിനു മുന്നിൽ സമർപ്പിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!