മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഗാന്ധിദർശൻ മാനവ മൈത്രി സംഗമം’ ഒക്ടോബർ 14 വെള്ളിയാഴ്ച വൈകീട്ട് ഏഴിന് കെ.സി.എ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള ഗാന്ധി സ്മാരക നിധി, ഇന്ത്യൻ കൗൺസിൽ ഓഫ് ഗാന്ധിയൻ സ്റ്റഡീസ് എന്നിവയുടെ ചെയർമാനായ ഡോ. എൻ. രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്യും
ഗാന്ധിയൻ ചിന്തകൻ, സമാധാന പ്രവർത്തകൻ, അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധി, സമാധാനം, വിദ്യാഭ്യാസം, ഐക്യം എന്നീ വിഷയങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിലായി 75ലധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഡോ. എൻ. രാധാകൃഷ്ണൻ. അക്രമരാഹിത്യ പരിശീലകനും ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആൻഡ് റിസർചിന്റെ മുന്‍ ഡയറക്ടറുമായ അദ്ദേഹം അറ്റ്ലാന്റയിലെ മാര്ട്ടിന് ലൂഥര്‍ കിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്കുന്ന ഗാന്ധി കിങ് ഇക്കേഡ കമ്യൂണിറ്റി ബില്‍ഡേര്‍സ് പ്രൈസ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഗാന്ധിയൻ സന്ദേശവുമായി വിവിധ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം ബഹ്റൈനിൽ ആദ്യമായാണ് എത്തുന്നത്.
പ്രവാസലോകത്ത് ഗാന്ധിയൻ ആദർശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി കൾചറൽ ഫോറം ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് മാനവമൈത്രി സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി വൈകീട്ട് ആറിന് ദേശഭക്തിഗാന മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽവെച്ച് ബി.കെ.ജി ഹോൾഡിങ് ചെയർമാൻ കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ് മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ഡോ. പി.വി. ചെറിയാൻ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ എന്നിവരെ വിശിഷ്ടാംഗത്വം നൽകി ആദരിക്കും.
ഗാന്ധിജിയുടെ ആദർശങ്ങൾക്ക് ആധുനിക ലോകത്ത് പ്രസക്തി വർധിച്ചുവരുകയാണെന്നും പുതിയ തലമുറയിലേക്ക് ഗാന്ധിജിയുടെ സന്ദേശം എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് എബി തോമസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പോൾ സെബാസ്റ്റ്യൻ, ജനറൽ കൺവീനർ അനിൽ തിരുവല്ല, രക്ഷാധികാരി ബാബു കുഞ്ഞിരാമൻ, ഡോ. പി.വി. ചെറിയാൻ, ജോ. സെക്രട്ടറി തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് പവിത്രൻ പൂക്കോട്ടിയിൽ, കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാർ, അജിത് കുമാർ, സജീവൻ എന്നിവർ പങ്കെടുത്തു.