bahrainvartha-official-logo
Search
Close this search box.

നരബലിയിൽ വീണുടയുന്ന നവോത്ഥാന നാട്യം

IMG-20221012-WA0014

ജമാൽ ഇരിങ്ങൽ

കേരളം ഇതുവരെയായി നേടിയെടുത്തു എന്ന് പറയപ്പെടുന്ന നവോത്ഥാനവും പുരോഗമന കാഴ്ചപ്പാടുകളും കേവലനാട്യങ്ങളായിരുന്നുവെന്ന് വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാജ്യം ബഹിരാകാശത്തിലേക്ക് റോക്കറ്റുകൾ വിക്ഷേപണം ചെയ്‌തു കൊണ്ടിരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ആചാരങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നത് നമുക്കൊന്നടങ്കം അപമാനമാണ്. മാർക്‌സ് തന്റെ ദാറ്റ് കാപിറ്റലിസത്തിൽ ഒരിക്കൽ ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട് “എന്റെ പിന്നിലെ ആള്‍ക്കൂട്ടത്തിന് തലയുണ്ട്, തലച്ചോറില്ലാതെ പോയി” . വർത്തമാനകേരളത്തിലെ മനുഷ്യരുടെ അവസ്ഥയും ഇത് തന്നെയാണിപ്പോൾ. തങ്ങളുടെ തലച്ചോർ ആരുടെയൊക്കെയോ മുന്നിൽ പണയം വെച്ചിരിക്കുകയാണവർ. ആത്മീയ ചൂഷണങ്ങൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും യുക്തിവാദികളും, ശാസ്ത്ര സാഹിത്യ പരിഷത്തും, മതനവീകരണ പ്രസ്ഥാനങ്ങളും, ഇടതുപക്ഷ സംഘടനകളുമെല്ലാം നടത്തിയ കേമ്പയിനുകളൊക്കെ ഇനിയും വേണ്ടത്ര ഫലപ്രാപ്തിയിലെത്തിയില്ല എന്നാണ് കഴിഞ്ഞ ദിവസം നടന്ന നരബലിയിലൂടെ വ്യക്തമാവുന്നത്. പ്രബുദ്ധരാണെന്ന് പെരുമ്പറയടിച്ചു നടക്കുന്ന കേരളത്തിൽ തന്നെയാണ് തലസ്ഥാനം മുതൽ കാസർഗോഡ് വരെ ചെറുതും വലുതുമായ നൂറു കണക്കിന് ആത്മീയ വാണിഭ കേന്ദ്രങ്ങൾ തുറന്നു വെച്ചിരിക്കുന്നത്. ഇതിൽ എല്ലാ മതവിഭാഗത്തിന്റെയും സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്. ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളിലേക്ക് ആളെ കൂട്ടാൻ ഓട്ടോ – ടാക്സി ഡ്രൈവർമാർ മുതൽ രാഷ്ട്രീയക്കാർ വരെ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻസികളായും രംഗത്തുണ്ട്. ഇതിൽ പല ആത്മീയ ചൂഷണ കേന്ദ്രങ്ങളുടെയും വർണപ്പകിട്ടാർന്ന പരസ്യങ്ങൾ പത്രങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. നാഷണൽ ഹൈവേകൾക്ക് സമീപവും ഗ്രാമങ്ങളിലും നഗരങ്ങളിലും ഇവരുടെ ചെറുതും വലുതുമായ പരസ്യ ഫലകങ്ങളും ഉയർന്നു നിൽക്കുന്നു എന്നത് നമ്മുടെ സാമൂഹിക ഘടനയിൽ ഇവർക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ്.

ചാത്തൻസേവ, രോഗ ശുശ്രൂഷ, വചന പ്രഘോഷണങ്ങൾ, ജിന്ന് സേവ എന്ന് തുടങ്ങി ജാറം, മന്ത്രം, മാട്ട് , മാരണം, കൂടോത്രം , മഷിനോട്ടം, കൈനോട്ടം, ഉറുക്ക്, ഏലസ്, പിഞ്ചാണം എഴുത്ത് തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് കേരളത്തിലങ്ങോളമിങ്ങോളം നടന്നു കൊണ്ടിരിക്കുന്നത്. ശ്രീ നാരായണ ഗുരു, മന്നം, ചട്ടമ്പി സ്വാമികൾ, കെ.എം.മൗലവി, എം.കെ.ഹാജി, കെ.ഉമർ മൗലവി, എം.സി.സി. സഹോദരന്മാർ, വി.പി.മുഹമ്മദ് അലി, കെ.സി.അബ്ദുല്ല മൗലവി , എം.സി.ജോസഫ്, വി.ടി.ഭട്ടതിരിപ്പാട്, ഇടമറുക് തുടങ്ങിയവർ കേരളീയ സമൂഹത്തിൽ നിന്നും നിർമാർജനം ചെയ്യാൻ ശ്രമിച്ച പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും പുതിയ രൂപത്തിലും ഭാവത്തിലും സജീവമാണിപ്പോൾ. ആഗ്രഹ പൂർത്തീകരണത്തിനും ശത്രു സംഹാരത്തിനും വേണ്ടി ദേവതകളെയും മൂർത്തികളെയും ഉപാസിക്കുന്നവരുടെ നാടായി വീണ്ടും കേരളം മാറുകയാണിപ്പോൾ. ഭയം, ദാരിദ്യം, എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള ആർത്തിയും ദുരയും, വന്ധ്യത തുടങ്ങിയ മനുഷ്യരുടെ ദൗർബല്യങ്ങളെയാണ് ഇവർ മുതലെടുത്ത് തങ്ങളുടെ ഇരകളാക്കി മുതലെടുപ്പ് നടത്തുന്നത്.

കുടുംബ വഴക്ക്, അസൂയ, രാഷ്ട്രീയ വൈരം, കല്യാണം, പ്രണയ ബന്ധം വേർപ്പെടുത്തലും കൂട്ടിയോജിപ്പിക്കലും, ഭൂമിപ്രശ്‌നം, പല തരത്തിലുള്ള വഴക്കുകൾ, വശീകരണം, അന്യന്റെ ദാമ്പത്യ-കുടുംബ ബന്ധം കലക്കൽ എന്ന് വേണ്ട സകലമാന പ്രശ്നങ്ങൾക്കും ഇത്തരം തട്ടിപ്പുകേന്ദ്രങ്ങളിൽ പരിഹാരമുണ്ട്. പണ്ടൊക്കെ പാലമര ചുവട്ടിലും കാവുകളിലും മറ്റുമൊക്കെ കണ്ടുവന്നിരുന്നുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന യക്ഷിയും , മാടനും, മറുതയും , ചാത്തനും, മഷിനോട്ടക്കാരനും , ഗുളികനും, നായാടിയും ഇവരുടെ പരസ്യപ്പലകകളിൽ പ്രബുദ്ധകേരളത്തെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. ചാത്തൻ സേവ നടത്തി മോഷണത്തിന് പോയിരുന്ന കള്ളന്മാരെ കുറിച്ച് ഒരു ഇന്റർവ്യൂവിൽ മുൻ എസ്.പി. ജോർജ് ജോസഫ് പറയുന്നുണ്ട്. വലിയ മോഷണം നടത്തുന്നതിന് മുൻപ് ഇവർ കേരളത്തിലെ ഒരു പ്രധാന കുട്ടിച്ചാത്തൻ സേവാ മഠത്തിൽ പോയി അവിടുത്തെ പ്രാർത്ഥനകൾ നടത്തി 41 ദിവസം വ്രതവും ഇരുന്ന ശേഷം മോഷണം നടത്തുന്ന ഒരു സംഘത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. നമ്മൾ വോട്ട് കൊടുത്ത് വിജയിപ്പിച്ചു പാർലമെന്റിലേക്കും നിയമസഭയിലേക്കും പറഞ്ഞയക്കുന്നവരിൽ പലരും തങ്ങളുടെ നാമനിർദേശപത്രിക സമർപ്പിക്കുന്നത് തന്നെ രാഹുകാലവും മറ്റും നോക്കിയിട്ടാണല്ലോ. എന്തിനധികം പറയുന്നു നിരന്തരമായ ശാസ്ത്രീയമായ പഠനങ്ങൾക്കും പരിശ്രമങ്ങൾക്കും ശേഷം ബഹിരാകാശത്തേക്ക് വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകൾക്ക് താഴെ മന്ത്രിച്ച ചെറുനാരങ്ങയും മറ്റും വെക്കുന്ന നാടായിനമ്മൾ അധഃപതിച്ചിരിക്കുന്നു.

ശ്രുതി – സ്‌മൃതി വിരുദ്ധമായ ആചാരങ്ങൾ എന്നാണ് അനാചാരങ്ങൾക്ക് നൽകപ്പെടുന്ന നിർവചനം. ആചാരങ്ങൾക്ക് മാനദണ്ഡം നിർണയിക്കപ്പെടുമ്പോൾ മാത്രമേ അനാചാരത്തെ ക്ര്യത്യമായി വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. ഇന്ന് നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പല ആത്മീയ ചൂഷണങ്ങളും മതത്തിന്റെ പേരിൽ നടന്നു കൊണ്ടിരിക്കുന്നതാണ്. തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമായിട്ട് അത്തരം കാര്യങ്ങളെ കാണുന്നതിനാൽ പലരും ആ വിഷയങ്ങളിൽ ഇടപെടാനും അതിനെതിരെ പ്രതികരിക്കാനും മടിക്കുകയാണ്. നമ്മുടെ നാട്ടിലെ ഒരു കുളത്തിലെ മുതല ചത്തതുമായി ബന്ധപ്പെട്ടുണ്ടായ “അന്ധവിശ്വാസബഹളവും” അതിൽ ജനപ്രതിനിധികൾ വരെ ഭാഗവാക്കായതും ഏറ്റവും അടുത്ത് നടന്ന വിശ്വാസവൈകൃതങ്ങളുടെ നേർക്കാഴ്ചയാണ്. കുമാരാനാശാൻ പറഞ്ഞത് ഇന്ന് അക്ഷരംപ്രതി പുലരുകയാണ്. ” ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം, നാളത്തെ ശാസ്ത്രമതാകാം, അതിൽ മൂളായ്ക സമ്മതം രാജൻ” .

കഴിഞ്ഞ ദിവസം നടന്ന നരബലി യഥാർത്ഥത്തിൽ വലിയ അത്ഭുതമൊന്നും ഉണ്ടാക്കേണ്ടതില്ല. മുകളിൽ സൂചിപ്പിച്ച കേരളീയ സാമൂഹിക പശ്ചാത്തലത്തിൽ ഇതിലപ്പുറവുംനന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ആത്മീയ ചൂഷണത്തിനും തട്ടിപ്പിനും ഇരയായി ജീവനും ജീവിതവും സമ്പത്തും നഷ്ടപ്പെടുന്ന ആയിരങ്ങളാണ് നമുക്ക് ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നരബലികൾ പ്രബുദ്ധ കേരളത്തിൽ ഇനിയും ഉണ്ടായേക്കാം. ഇത്തരം ആത്മീയ ചൂഷണങ്ങൾക്കെതിരെ ഫലപ്രദമായ നിയമം ഇനിയും നമ്മുടെ രാജ്യത്ത് ഇല്ല എന്നത് മറ്റൊരു തമാശയാണ്. ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട ബിൽ ഇപ്പോഴും നിയമസഭയുടെ മേശക്ക് മുകളിൽ സുഖസുഷുപ്തിയിൽ ആണ്. നാട്ടിൻ പുറങ്ങളിൽ അത്യാവശ്യം ഏലസ് , തകിട്, മന്ത്രം തുടങ്ങി വഴറ്റിപിഴപ്പിനു വേണ്ടി ഈ രംഗത്തേക്കെത്തിപ്പെട്ടവർ മുതൽ ഹൈടെക് ആത്മീയ വ്യാപാരം നടത്തി കോടികൾ കൊയ്യുന്ന വമ്പൻ സ്രാവുകൾ വരെ ഇന്ന് കേരളത്തിന്റെ വിശ്വാസസരസ്സിൽ മദിച്ചു പുളയുകയാണ്. നാട് ഭരിക്കുന്ന മന്ത്രിമാരും രാഷ്ട്രനായകന്മാരുമൊക്കെ ഇത്തരം ആൾദൈവങ്ങളുടെ പാദാരവൃന്ദങ്ങളിൽ ഭക്തി മൂർച്ഛയാൽ കമിഴ്ന്നടിച്ചു വീണുകിടക്കുന്ന കാഴ്ചകളും നാം കണ്ടു കൊണ്ടിരിക്കുന്നു. ഇവരുടെ ഭക്തിബിസ്സിനസ്സിന് മറയിടാൻ വേണ്ടി കോടികൾ മുടക്കിയുള്ള ചാരിറ്റി പ്രവർത്തനങ്ങളും ഇത്തരം തട്ടിപ്പുകാർ നടത്തിവരുന്നുണ്ട്. ചുരുക്കത്തിൽ ഇന്ന് ആത്മീയവാണിഭക്കാർ ആർക്കും കീഴ്പ്പെടുത്താനാവാത്ത വലിയൊരു മാഫിയ ആയി വളർന്നിരിക്കുകയാണ്. സെക്‌സും ലഹരിയും നുരയുന്ന ഹിസ്ടീരിക്ക് ലോകമായി ഇത്തരം കേന്ദ്രങ്ങളിൽ പലതും മാറിക്കഴിഞ്ഞു.

എല്ലാ മേഖലയിലുമെന്ന പോലെ സ്ത്രീകളും കുട്ടികളും തന്നെയാണ് ഇവിടെയും കൂടുതൽ ചൂഷണത്തിന് വിധേയമാക്കപ്പെടുന്നത്. കഴിഞ്ഞ ദിവസവും ക്രൂമായ നരബലിക്ക് ഇരയാക്കപ്പെട്ടത് പാവപ്പെട്ട രണ്ടു സ്ത്രീകളാണല്ലോ. ആത്മീയ കേന്ദ്രങ്ങളിലും രോഗശുശ്രൂഷാ കേന്ദ്രങ്ങളിലുമൊക്കെ കൂടുതലായി എത്തിപ്പെടുന്നതും സ്ത്രീകളും കുട്ടികളും തന്നെയാണ്.

നമ്മുടെ നാട്ടിൽ ഇനിയും വേണ്ടത്ര ശാസ്‌ത്രാവബോധവും ഇതിനെതിരെയുള്ള ബോധവൽക്കരണവും ഇല്ലാത്തതാണ് ഇത്തരം വിശ്വാസ വൈകൃതങ്ങൾ പെരുകാൻ കാരണം. ഇവർക്കെതിരെ മുഖം നോക്കാതെ നിയമനടപടികൾ എടുക്കാൻ അധികാരികൾ മടിക്കുന്നതും ഇക്കൂട്ടർക്ക് തങ്ങളുടെ ചൂഷണവ്യാപാരം വ്യാപിപ്പിക്കാൻ സഹായകമാവുകയാണ്. നമ്മുടെ ചില സിനിമകളും സീരിയലുകളും സാഹിത്യസൃഷ്ടികളുമൊക്കെ സമൂഹത്തിൽ വിശ്വാസവൈകൃതങ്ങൾ വളരാനുള്ള പ്രധാന പ്രേരകങ്ങളായി വർത്തിക്കുന്നുണ്ട്. ചെറുപ്പം മുതൽക്ക് തന്നെ കുട്ടികളിൽ ശാസ്ത്രാവബോധം നിർമ്മിച്ചെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ എല്ലാ ഭാഗത്ത് നിന്നുമുണ്ടാവണം. സ്കൂൾ കരിക്കുലത്തിൽ ഇത് സംബന്ധമായ പാഠങ്ങൾ ഉൾപ്പെടുത്തുക, രക്ഷിതാക്കൾക്കും യുവാക്കൾക്കും അംഗനവാടി, സ്കൂളുകൾ കേന്ദ്രീകരിച്ചു നിരന്തര ബോധവൽക്കരണങ്ങൾ സംഘടിപ്പിക്കുക എന്നിവയും അടിയന്തിരമായിനടപ്പിലാക്കപ്പെടേണ്ടതുണ്ട്. ജനപ്രതിനിധികളും സാഹിത്യകാരന്മാരും സിനിമാ നടന്മാരും ഇത്തരം കേന്ദ്രങ്ങളുടെ പരസ്യങ്ങളിലോ ഇവരുടെ ഒത്താശക്കാരോആയി വരാതിരിക്കുക , രാഷ്ട്രീയ പാർട്ടികൾ ഇവരുടെ സംഭാവനകൾ സ്വീകരിക്കാതിരിക്കുക എന്നതും പ്രധാനമാണ്. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ പഴുതടച്ച നടപടികളുമായി സർക്കാരും രാജ്യത്തെ നിയമസംവിധാനങ്ങളും പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!