മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പരിചയപ്പെടുത്തുന്നതിന് വെബിനാർ സംഘടിപ്പിച്ചു. ബഹ്റൈൻ-ഇന്ത്യ സൊസൈറ്റി, ഇന്ത്യയിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യ, നിക്ഷേപ കാര്യങ്ങളിൽ വിദഗ്ധരായ ഇന്ത്യൻ നിയമ സ്ഥാപനം സിറിൽ അമർചന്ദ് മംഗൾ ദാസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്.
ബഹ്റൈനിലെ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയുടെ സാധ്യതകൾ പരിചയപ്പെടുത്തുകയായിരുന്നു വെബിനാറിന്റെ ലക്ഷ്യം. നിലവിൽ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായ ഇന്ത്യ സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമാണ്.
100ലധികം യൂണികോൺ സ്ഥാപനങ്ങളും ഇന്ത്യയിലുണ്ട്. നിക്ഷേപം നടത്താൻ എളുപ്പമുള്ള രാജ്യങ്ങളുടെ ലോകബാങ്ക് പട്ടികയിൽ ഇന്ത്യ 79 സ്ഥാനങ്ങൾ മുന്നേറി 63ൽ എത്തി. 14 നിർണായക മേഖലകളിൽ ഉൽപാദന ബന്ധിത ഇൻസെന്റിവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും വെബിനാർ വ്യക്തമാക്കി. 40ലധികം നിക്ഷേപകരും ബിസിനസുകാരും വെബിനാറിൽ പങ്കെടുത്തു.