മനാമ: എ.കെ.ജിയും പി. കൃഷ്ണ പിള്ളയും സമ്മേളിച്ച നേതാവ് എന്ന് ഇ.എം.എസ്. വിശേഷിപ്പിച്ച സി.എച്ച് കണാരൻ സ്മരണ പുതുക്കി ബഹ്‌റൈൻ പ്രതിഭ. മരണപ്പെട്ടിട്ട് ഇന്നേക്ക് അമ്പത് വർഷം പിന്നിടുന്ന സി.എച്ച് കണാരൻ ആയിരുന്നു 1964 ൽ സി പി.എം രൂപീകരിക്കപ്പെട്ടപ്പോൾ കേരള സംസ്ഥാന കമ്മിറ്റിയുടെ ആദ്യ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. അത് മുതൽ 1972 ൽ മരിക്കും വരെ സി.എച്ച് ആ സ്ഥാനത്ത് തുടരുകയുണ്ടായി.
കോൺഗ്രസായും യുക്തിവാദിയായും കമ്മ്യുണിസ്റ്റ് പാർട്ടി രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന സി.എച്ച്ന്റെ സ്മരണ കേരളം നരബലിയിലുടെ കടന്ന് പോകുന്ന ഈ കെട്ട കാലത്ത് ഏറ്റവും പ്രസക്തമാണ് എന്ന് അനുസ്മരണം നടത്തി കൊണ്ട് പ്രതിഭ സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡണ്ടും സൽമാബാദ് മേഖല സെക്രട്ടറിയുമായ ഡോ: ശിവകീർത്തി ചൂണ്ടികാട്ടി. സി.എച്ച് കണാരനെ പോലുള്ള ദീർഘദർശികളായ നേതാക്കൾ പിടിച്ചു കെട്ടിയ മത ജാതി വർഗ്ഗീയ കോമരങ്ങൾ നരബലിയുമായി കലി തുള്ളുമ്പോൾ നിസ്സഹാരായി പകച്ച് നിൽക്കാതെ ഒന്നിച്ചു നിൽക്കാൻ കേരള ജനത മുമ്പോട്ട് വരണം എന്ന് അനുസ്മരണ യോഗത്തിൽ രാഷ്ട്രീയ വിശദീകരണം നടത്തവെ പ്രവാസി കമ്മീഷൻ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു.
യോഗത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ അദ്ധ്യക്ഷനായിരുന്നു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത് അഭിവാദ്യം നേർന്ന് സംസാരിച്ചു.