മനാമ: ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി ചേർന്ന് “പാരന്റിങ് സെഷൻ” സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്സ്റ്റും ബിഹേവിയറൽ സൈക്കോതെറപ്പിസ്റ്റുമായ സിസ്റ്റർ ഷൈബി രക്ഷിതാക്കളും കുട്ടികളുമായി സംവദിച്ചു.
തല്പരരായ മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കായിരുന്നു പ്രവേശനം നൽകിയത്.
രക്ഷിതാക്കൾ കൂടുതൽ സമയം മക്കളോടൊപ്പം ചെലവഴിക്കുക എന്നതാണ് ജീവിതത്തിൽ ഗുണകരമല്ലാത്ത കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റാൻ ഏറ്റവും പ്രായോഗിക മാർഗമെന്ന് സിസ്റ്റർ ഷൈബി വിശദീകരിച്ചു. ജീനിലൂടെ കൈമാറുന്ന പാരമ്പര്യ സ്വഭാവങ്ങൾ വരും തലമുറയിൽ മാറ്റം ഉണ്ടാക്കുവാൻ ഓരോരുത്തരും കരുതലോടെ ജീവിതത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. വാശിപിടിക്കുന്ന എല്ലാ കാര്യങ്ങളും സാധിപ്പിച്ചു കൊടുക്കാതെ ഉറച്ച നിലപാടോടെ രക്ഷിതാക്കൾ കാര്യങ്ങളെ സമീപിച്ചാൽ പിന്നീട് മക്കൾ രക്ഷിതാക്കളുടെ സമീപനം ശരിയായിരുന്നു എന്ന് തിരിച്ചറിയുമെന്നും കുട്ടികളുടെ താൽക്കാലിക പ്രീതിക്കായി ശ്രമിക്കേണ്ടതില്ലെന്നും സിസ്റ്റർ ഷൈബി ജീവശാസ്ത്രപരമായും മനസികമായുമുള്ള ഉദാഹരണങ്ങൾ, വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ അവതരിപ്പിക്കുകയും സദസ്സിൽ നിന്ന് ഉയർന്ന സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
ബിഡികെ ചെയർമാൻ കെ. ടി. സലിം, പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂര്, ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ രമ്യ ഗിരീഷ്, ശ്രീജ ശ്രീധരൻ, അശ്വിൻ രവീന്ദ്രൻ, സാബു അഗസ്റ്റിൻ, മിഥുൻ, രാജേഷ്, ഫ്രന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ഖാലിദ് ചോലയിൽ, ഗഫൂർ മൂക്കുതല എന്നിവർ നേതൃത്വം നൽകി. ജാസ് ട്രാവൽസ് ജനറൽ മാനേജർ ജയീസ് സിസ്റ്റർ ഷൈബിക്കുള്ള ഉപഹാരം കൈമാറി.