മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന അറബ്-കേരള സാംസ്കാരിക പരിപാടിയായ ‘പാലം – ദി ബ്രിഡ്ജ്’ നവംബർ മൂന്ന്, നാല് തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്ത, കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, ബഹ്റൈൻ സാമൂഹികക്ഷേമ മന്ത്രാലയം അണ്ടർ സെക്രട്ടറി, മനാമയിൽനിന്നുള്ള ബഹ്റൈൻ പാർലമെന്റ് അംഗം എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രവാസി ഭാരതീയ പുരസ്കാരജേതാവ് കെ.ജി. ബാബുരാജനെ ചടങ്ങിൽ ആദരിക്കും.
നവംബർ മൂന്നിന് വൈകീട്ട് ഏഴിന് ബഹ്റൈൻ കേരളീയസമാജം അങ്കണത്തിൽ പരിപാടികൾ ആരംഭിക്കും. സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ 50 കലാകാരന്മാർ അടങ്ങുന്ന പഞ്ചാരി മേളത്തോടുകൂടിയാണ് അരങ്ങുണരുന്നത്. തുടർന്ന് ബഹ്റൈനിലെ ഡാൻസ് കോറിയോ ഗ്രഫറും നർത്തകിയുമായ വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ മോഹിനിയാട്ടം, ഐശ്വര്യ, രഞ്ജിത് എന്നിവർ നേതൃത്വം നൽകുന്ന അറബിക് ഡാൻസ്, സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സൂഫി സംഗീതം എന്നിവ അരങ്ങേറും.
നവംബർ നാലിന് രാവിലെ വിവിധ അറബിക് ബാൻഡുകൾ, ബഹ്റൈനിലെ അറിയപ്പെടുന്ന കലാകാരൻമാരുടെ നേതൃത്വത്തിലുള്ള നൃത്തം, പ്രതിഭ സ്വരലയ മനാമ-മുഹറഖ് മേഖലക്ക് കീഴിലെ സംഗീത ബാൻഡുകൾ അവതരിപ്പിക്കുന്ന ഫ്യൂഷൻ അടക്കമുള്ള സംഗീതപരിപാടി എന്നിവയുമുണ്ടാകും. ബഹ്റൈൻ തനത് കലകൾക്കൊപ്പം പ്രതിഭ അംഗങ്ങളും സൗഹൃദസംഘങ്ങളും അണിയിച്ചൊരുക്കുന്ന പൂരക്കളി, തോറ്റം, തെയ്യം, ഒപ്പന, പടയണി, ദഫ് മുട്ട്, കോൽക്കളി, കുട്ടികളുടെ പരിപാടികൾ, ചാക്യാർ കൂത്ത്, ഓട്ടൻതുള്ളൽ, പാവനാടകം എന്നിവയും അരങ്ങേറും. സമാജത്തിന്റെ അങ്കണത്തിൽ ബേക്കൽ കോട്ട, മിഠായിത്തെരുവ്, ജൂതത്തെരുവ്, തിരുവനന്തപുരം പാളയം, ബാബുൽ ബഹ്റൈൻ എന്നിവ ഒരുക്കും. വിവിധ ഫുഡ് സ്റ്റാളുകൾ, വനിത ചിത്ര കരകൗശല പ്രദർശനം, ഫോട്ടോഗ്രഫി പ്രദർശനം, ബഹ്റൈൻ-ഇന്ത്യൻ ശില്പികളുടെ ശില്പപ്രദർശനം, ശാസ്ത്ര സ്റ്റാളുകൾ, മാജിക് കോർണർ, സൈക്കിൾ ബാലൻസ് എന്നീ കലാപരിപാടികളും ഉണ്ടായിരിക്കും.
വൈകീട്ട് നാലിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ പ്രതിഭയുടെ 26 യൂനിറ്റുകൾ, 13 സബ് കമ്മിറ്റികൾ എന്നിവ ചേർന്ന് കേരള സാംസ്കാരിക ചരിത്രം അവതരിപ്പിക്കും. ബഹ്റൈനിലെ തനത് നൃത്തവുമായി ബഹ്റൈൻ കലാകാരൻമാരും അണിനിരക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപനപരിപാടിയിൽ മന്ത്രി എം.ബി. രാജേഷ് അടക്കമുള്ള പ്രമുഖർ പങ്കെടുക്കും. രാത്രി എട്ടിന് അരങ്ങേറുന്ന ഗ്രാൻറ് ഫിനാലെയിൽ കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ സംഘം ഒരുക്കുന്ന കോംബോ സംഗീത വിരുന്നും ഉണ്ടായിരിക്കും. ചെയർമാൻ പി. ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ അടങ്ങിയ 201 അംഗ സംഘാടക സമിതിയാണ് പാലം-ദി ബ്രിഡ്ജ് എന്ന സാംസ്കാരികോത്സവം വിജയിപ്പിക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പരിപാടികളിൽ പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. മെഗാ മാർട്ട് ടൈറ്റിൽ സ്പോൺസറായ പരിപാടിയിൽ പ്രശസ്ത ഹൈപർ മാർക്കറ്റ് ഗ്രൂപ് ലുലുവും കൈ കോർക്കുന്നു. ബി.എഫ്.സി, വി.കെ.എൽ ഹോൾഡിങ്സ്, നാഷനൽ സേഫ്റ്റി, ഖത്തർ എൻജിനീയറിങ് ലബോറട്ടറീസ് എന്നിവരാണ് പ്രമുഖ പ്രായോജകർ.
വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി. ശ്രീജിത്, ജനറൽ കൺവീനർ സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പങ്കെടുത്തു.