മനാമ: വിദ്യാർത്ഥികളിൽ നേതൃത്വഗുണവും പ്രസംഗ ചാതുര്യവും വളർത്തുന്നതിനുതകുന്ന മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനത്തിനു ഇന്ത്യൻ സ്‌കൂളിൽ തുടക്കമായി. ഇന്ത്യൻ സ്കൂൾ ഈസ ടൌൺ ക്യാമ്പസിൽ വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ദ്വിദിന സമ്മേളനം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു. വിവിധ സ്‌കൂളുകളിൽ നിന്നായി ഏഴ് മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന 300 ലേറെ വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ തന്നെയാണ് സമ്മേളനത്തിന്റെ സംഘാടകർ. ദേശീയ ഗാന ആലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജനറൽ ഫലാക് സെയ്ദ് അഫ്രോസും ഡെപ്യൂട്ടി സെക്രട്ടറി ജനറൽ സിന്നിയാ നോയൽ ഫെർണാണ്ടസും ആശസകൾ അർപ്പിക്കുകയും മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം തുടങ്ങിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
വിമർശനാത്മക ചിന്തയും നേതൃപാടവവും വളർത്താൻ ഇത്തരം പരിപാടികളിലൂടെ സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ആഗോളവൽക്കരണത്തിന്റെ ഈ കാലത്ത്, ലോകത്തെക്കുറിച്ച് പഠിക്കുന്നത് മുമ്പത്തേക്കാളും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രിൻസ് എസ് നടരാജൻ പറഞ്ഞു.ബഹ്റിനിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കൊപ്പം ന്യൂ മില്ലെനിയം സ്കൂൾ ,അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ എന്നിന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കു കൊണ്ടു. സമ്മേളനത്തിൻ്റെ ചുമതലയുള്ള ഡയറക്ടർ ഉമാ രാജേന്ദ്രന്റെയും സ്റ്റാഫ് അംഗങ്ങളുടെയും മാർഗ നിർദേശത്തിൽ സീനിയർ വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു സംഘാടക സമിതിയാണ് മാതൃക ഐക്യരാഷ്ട്ര സഭ സമ്മേളനം സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം സമാപന ചടങ്ങിൽ വിവിധ കൗൺസിലുകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച പ്രതിനിധികൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും.