മനാമ: ബംഗ്ലാദേശിലെ മണിറുൽ ഇസ്ലാം അഹമ്മദ് (34) എന്ന പ്രവാസി തൊഴിലാളിയെ താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇത് ഉൾപ്പടെ ഈ വർഷം 15 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു സ്വകാര്യ കമ്പനിയുടെ റോഡ് നിർമാണ തൊഴിലാളിയായിരുന്ന അഹമ്മദിനെ ജിദ്ദഫ്‌സിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ബഹ്റൈനിൽ താമസിക്കുന്ന തന്റെ ഇളയ സഹോദരന് ഒരു വോയ്സ് റെക്കോർഡ് അയയ്ക്കുകയും സഹോദരനോട് മാതാപിതാക്കളെയും തന്റെ രണ്ടു പെൺമക്കളെയും പരിപാലിക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തതായി റിപ്പോർട്ട് ചെയ്തു.
ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ടു പെൺമക്കളും മാതാപിതാക്കളോടൊപ്പം ചിറ്റഗോങ്ങിലാണ് താമസിക്കുന്നത്. ഒമാനിൽ ജോലി ചെയ്യുന്ന മൂത്ത സഹോദരനും ബംഗ്ലാദേശിൽ താമസിക്കുന്ന രണ്ടു സഹോദരിമാരും ഉണ്ട്. അഹമ്മദിന്റെ മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചിലാണ് സൂക്ഷിച്ചിരിക്കുന്നത്. ബംഗ്ലാദേശ് എംബസ്സിയും അദ്ദേഹത്തിന്റെ തൊഴിലുടമയും റീപ്പാട്രിയേഷൻ പ്രക്രിയ പൂർത്തിയാക്കി.
ഈ വർഷം ആത്മഹത്യ ചെയ്ത 15 പേരിൽ 10 പേരും ഇന്ത്യൻ പൗരന്മാരാണ്. കഴിഞ്ഞ വർഷം 37 പ്രവാസി ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. വർധിച്ചു വരുന്ന പ്രവാസി ആത്മഹത്യകൾ കുറയ്ക്കുന്നതിനായി ബോധവൽക്കരണ കാമ്പെയ്നുകളും ആത്മഹത്യ പ്രതിരോധിക്കാൻ നിരവധി പദ്ധതികളും മുന്നോട്ടു പോവുന്നുണ്ട്.