മനാമ: ബി.എഫ്.സി-കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ 2022 ഓഫിസ് ഉദ്ഘാടനം ആദ്യ കെ.സി.എ ടാലന്റ് സ്കാൻ കലാതിലകം ടീന മാത്യു നെല്ലിക്കൻ നിർവഹിച്ചു. തുടർന്ന് കലോത്സവ ലോഗോ പ്രകാശനവും നടന്നു. ഇത്തരമൊരു മെഗാ പ്രോഗ്രാം ബഹ്റൈനിലെ ഇന്ത്യൻ കുട്ടികൾക്കായി നടത്തുന്നതിനെ കെ.സി.എയെ അഭിനന്ദിക്കുന്നതായും ഈ അവസരം എല്ലാ കുട്ടികളും പ്രയോജനപ്പെടുത്തണമെന്നും ടീന പറഞ്ഞു.
നവംബർ ഒന്നിന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ 13 വരെ തുടരും. നവംബർ 25ന് വൈകീട്ട് ഏഴിന് കെ.സി.എ-വി.കെ.എൽ ഹാളിൽ മത്സരത്തിന്റെ ഉദ്ഘാടനം നടക്കും. അന്നുതന്നെ ദേശഭക്തിഗാന മത്സരവും നടക്കുമെന്ന് ഇന്ത്യൻ ടാലന്റ് സ്കാൻ 2022 പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർഗീസ് ജോസഫ് പറഞ്ഞു.
ക്ലാസിക്കൽ ഡാൻസ് മത്സരങ്ങൾ ജനുവരി രണ്ടാമത്തെ ആഴ്ച തുടങ്ങും. ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനത്തിലും എല്ലാ ടീം ഇനത്തിലും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി കെ.സി.എ വെബ്സൈറ്റ് (www.kcabahrain.com) സന്ദർശിക്കുകയോ 38984900 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ലിയോ ജോസഫ്, ഷിജു ജോൺ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, സേവി മാത്തുണ്ണി, അരുൾദാസ് തോമസ്, ടാലന്റ് സ്കാൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും ടാലന്റ് സ്കാൻ ചെയർമാൻ വർഗീസ് ജോസഫ് നന്ദിയും പറഞ്ഞു.