മനാമ: ബഹ്റൈൻ-കേരള സാംസ്കാരിക വിനിമയം എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ പ്രതിഭ സംഘടിപ്പിച്ച പാലം-ദ ബ്രിഡ്ജ് സാംസ്കാരികോത്സവം പ്രവാസ ലോകത്ത് പുതുചരിത്രം രചിച്ച് സമാപിച്ചു. സമാപന സമ്മേളനം കേരള തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഏകത്വം എന്ന പുതിയ കാലത്തിന്റെ ആക്രോശങ്ങളിൽനിന്നുമാറി നാനാത്വത്തിൽ ഏകത്വം എന്ന ആശയപരിസരത്തിലൂടെ സഞ്ചരിക്കാൻ സംസ്കാരങ്ങൾ തമ്മിൽ പാലം തീർക്കാനുള്ള പ്രതിഭയുടെ ഉദ്യമം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസികളായ കേരളീയ വാദ്യകലാകാരന്മാർ തീർത്ത താളവാദ്യമായ പഞ്ചാരിമേളത്തിലൂടെ സാംസ്കാരിക വിനിമയത്തിന് തുടക്കമിടുകയും സ്വദേശികൾ അവതരിപ്പിച്ച അറബിക് സംഗീതത്തോടെ സമാപിക്കുകയും ചെയ്യുമ്പോൾ സംഘാടകരുടെ ലക്ഷ്യം പൂവണിയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്കാരിക സമാപന സമ്മേളനത്തിൽ പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരിയും സംഘാടക സമിതി ചെയർമാനുമായ പി. ശ്രീജിത്, നാടക-സാംസ്കാരിക പ്രവർത്തകൻ ഡോ. സാംകുട്ടി പട്ടംകരി എന്നിവർ സംസാരിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പാലം-ദ ബ്രിഡ്ജ് ജനറൽ കൺവീനർ സുബൈർ കണ്ണൂർ നന്ദിയും പറഞ്ഞു.
കടുവ ഫെയിം അതുൽ നറുകര, പ്രസീത ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കോംബോ സംഗീതവിരുന്ന് അവിസ്മരണീയ പരിപാടിയായി മാറി. ബഹ്റൈനിൽനിന്നുള്ള സഹൃദയ നാടൻപാട്ട് സംഘവും പരിപാടിയിൽ പങ്കുചേർന്നു.