മനാമ: കെ.എം.സി.സി ബഹ്‌റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റ് ശനിയാഴ്ച മനാമ ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ. മുരളീധരൻ എം.പി, ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് സെക്രട്ടറി സി.പി.എ. അസീസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
മണ്ഡലത്തിലെ 100 നിർധനരായ രോഗികൾക്കുള്ള മരുന്ന് വിതരണം, ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം, ലാബുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവാസി ലാബ് പദ്ധതി എന്നിവക്കുള്ള ഫണ്ട് സ്വരൂപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബുഖാറ കോൺഫറൻസ് മീറ്റ് സംഘടിപ്പിക്കുന്നത്.
ബഹ്‌റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് പേരാമ്പ്ര സ്വദേശിയായ കെ.പി. അബ്ദുല്ലയുടെ സ്മരണാർഥം പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡിന് ജീവകാരുണ്യ പ്രവർത്തകൻ കരീം കുളമുള്ളതിലിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ പറഞ്ഞു. ബുഖാറ കോൺഫറൻസ് മീറ്റിൽ അവാർഡ് സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ ബഹ്‌റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ഫൈസൽ കണ്ടീത്താഴ, അഷ്‌റഫ് നരിക്കോടൻ, മണ്ഡലം പ്രസിഡന്റ് കാസിം നൊച്ചാട്, ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര, സീനിയർ നേതാക്കന്മാരായ അസീസ് പേരാമ്പ്ര, മൊയ്‌തീൻ പേരാമ്പ്ര, മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് വാല്യക്കോട് എന്നിവർ പങ്കെടുത്തു.