മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ സി) ആഭിമുഖ്യത്തിൽ, മലങ്കര യാക്കോബായ സഭയുടെ നിരണം – കൊച്ചി – അടൂർ ഭദ്രാസനങ്ങളുടെ അധിപനും സെന്റ്. പീറ്റേഴ്സ് യാക്കോബായ ബഹ്റൈൻ, ഖത്തർ എന്നീ സഭകളുടെ പാർത്രിയാർക്കൽ വികാരിയുമായ ഡോ.ഗീവർഗീസ് മാർ കൂറിലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് വൈസ് പ്രസിഡന്റും ബഹ്റൈൻ മലയാളി സി.എസ്.ഐ പാരിഷ് വികാരിയുമായ റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് സ്വാഗതം അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ റവ.ഫാ. പോൾ മാത്യസ്, റവ.ഫാ. സുനിൽ കുര്യൻ ബേബി, ഫാ. റോജൻ പേരകത്ത് , റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. മാത്യൂ ചാക്കോ, റവ.ഫാ. നോബിൻ തോമസ്, ശ്രീ. നിത്യൻ തോമസ് , കെ. സി. ഇ. സി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു.
ബഹ്‌റൈൻ സെന്റ്. പീറ്റേഴ്സ് യാക്കോബായ സഭയുടെ വിവിധ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയതായിരുന്നു തിരുമേനി. ഐക്യം സഭകൾ തമ്മിലല്ല മറിച്ച് മതങ്ങൾ തമ്മിലാകണം എന്നും, സ്നേഹത്തിൽ കൂടി മാത്രമേ അത് സാധ്യമായി തീരുകയുള്ളൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ആധുനികലോകത്ത് സഭയും വിശ്വാസവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലൂന്നിയുള്ള സംവാദത്തിന് ശേഷം സെക്രട്ടറി സോയ് പോൾ എല്ലാവർക്കും നന്ദി അറിയിച്ചു.