മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് സമാജം ചിത്രകലാ ക്ലബ്ബ് സംഘടിപ്പിച്ച സമൂഹ ചിത്രരചന ശ്രദ്ധേയമായി. ഇന്നലെ വൈകുന്നേരം നടന്ന സമൂഹ ചിത്രരചനയുടെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും നാടകപ്രവർത്തകനുമായ സാംകുട്ടി പട്ടംകരി ചിത്രം വരച്ച് നിർവ്വഹിച്ചു.
പ്രശസ്ത കവി അൻവർ അലി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. അൻപത് മീറ്റർ നീളത്തിൽ കുട്ടികളടക്കമുള്ള നൂറോളം ചിത്രകാരന്മാരാണ് ചിത്രങ്ങൾ വരച്ചത്. ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ പ്രവാസി ചിത്രകാരന്മാരുടെ ചിത്രപ്രദർശനത്തിനും ഇന്നലെ തുടക്കമായി. സമാജം ബാബുരാജൻ ഹാളിൽ നടക്കുന്ന പ്രദർശനം സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികൾ സമന്വയിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച കാലിഡസ്കോപ്പും അരങ്ങേറി.
വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര താരം സിജു വിൽസൺ മുഖ്യഅതിഥിയായി പങ്കെടുത്തു. സിജു വിൽസൺ നായകനായി അഭിനയിച്ച വിനയൻ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചലച്ചിത്രത്തിൻ്റെ തിരക്കഥയുടെ പ്രകാശനവും ചടങ്ങിൽ നടന്നതായി സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.
പുസ്തകോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് (12.11.2022) ഇന്ത്യയിലെ ശ്രദ്ധിക്കപ്പെടുന്ന ടെലിവിഷൻ പ്രക്ഷേപകനും പംക്തി എഴുത്തുകാരനുമായ കരൺ ഥാപ്പർ മുഖ്യാതിഥിയായെത്തും. സാംസ്കാരിക സമ്മേളനത്തിനു ശേഷം കരൺ ഥാപ്പറുമായി മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വാഗ്മിയും പാർലമെൻ്റ് അംഗവുമായ ശശിതരൂരും പ്രമുഖ റേഡിയോ ജോക്കിയും എഴുത്തുകാരനുമായ ജോസഫ് അന്നക്കുട്ടി ജോസുമാണ് നാളത്തെ( 13 .11 .2022 ) അതിഥികൾ.