മനാമ: കെഎംസിസി മെമ്പർഷിപ്പെടുത്ത മുഴുവൻ പേരെയും അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോട് കൂടി കെഎംസിസി അൽ അമാന സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ നവംബർ 15 മുതൽ ഡിസംബർ 30 വരെ നടക്കും.
പ്രചാരണോദ്ഘാടന ബ്രൗഷർ പ്രകാശനം അമാന വൈസ് ചെയർമാൻ സലിം തളങ്കരക്ക് നൽകി കെ മുരളീധരൻ എം പി നിർവഹിച്ചു. കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, അമാന ഭാരവാഹികളായ മൻസൂർ പി വി, അഷ്‌റഫ് റിയ എന്നിവർ പങ്കെടുത്തു.
ഒരുപാട് വർഷങ്ങൾ പ്രവാസിയായ ഒരാളുടെ നേട്ടമെന്ത് എന്ന് ചോദിക്കുമ്പോൾ നഷ്ടങ്ങളുടെ ഓർമ്മയല്ലാതെ ഒന്നും ബാക്കിയുണ്ടാകില്ല. അവർക്കൊരു കൈത്താങ്ങാവുകയാണ് എന്നും പ്രവാസിയെ ചേർത്തു പിടിച്ച ബഹ്‌റൈൻ കെഎംസിസി. പ്രവാസിയുടെ പെട്ടെന്നുള്ള വേർപാട് ഒരു കുടുംബത്തെ അനാഥമാക്കപ്പെടുമ്പോൾ അതിന് ചെറിയ രൂപത്തിലെങ്കിലുമുള്ള ഒരു സഹായം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ബഹ്‌റൈൻ കെഎംസിസി യുടെ സാമൂഹ്യ സുരക്ഷാ സ്കീം.
കെ എം സി സി അൽഅമാന സുരക്ഷ പദ്ധതി അയ്യായിരത്തിനു മുകളിൽ വരുന്ന ബഹ്റൈൻ കെ.എം.സി.സി അംഗങ്ങളെ ഉദ്ദേശിച്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സുരക്ഷാ പദ്ധതിയാണ്. കാലാനുസൃതമായി കാതലായ മാറ്റങ്ങൾ വരുത്തി അൽഅമാന എന്ന പേരിൽ പ്രവർത്തനം തുടരുമ്പോൾ കെഎംസിസി യുടെ മുഴുവൻ മെമ്പര്മാരെയും അംഗങ്ങളാക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പയിൻ നടത്താൻ തീരുമാനിച്ചത്.
തിരക്ക് പിടിച്ച ഗൾഫ് ജീവിതത്തിനിടയിലും സമൂഹത്തിലെ അശരണർക്കും രോഗികൾക്കും സഹായഹസ്തവുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈൻ കെ.എം.സി.സി പ്രവർത്തകരുടെ പെട്ടന്നുണ്ടാകുന്ന വേർപാടുകൾ മൂലം കുടുംബത്തിനുണ്ടാകുന്ന പ്രയാസത്തിൽ അല്പമെങ്കിലും ആശ്വാസമാവുക, രോഗം ബാധിച്ചു ചികിത്സകൾ തേടേണ്ടി വരുമ്പോൾ ഒപ്പം നില്കുക, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ സ്വന്തനമാവുക ,തുടങ്ങി അംഗങ്ങളെ പരമാവധി സഹായിക്കാൻ ഒരു ഫണ്ടും പദ്ധതിയും വേണമെന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ് ബഹ്റൈൻ കെ.എം.സി.സി ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നല്കിയത്.
കുടുംബ സുരക്ഷാ ഫണ്ട്, അവശത പെൻഷൻ, ചികിത്സ സഹായം, തെരെഞ്ഞെടുത്ത ഹോസ്പിറ്റലിൽ പ്രത്യേക അനുകൂല്യങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്.