bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മെഗാമേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ

New Project - 2022-11-19T174603.693

മനാമ: ഇന്ത്യൻ സ്കൂൾ മെഗാ മേളയും ഭക്ഷ്യമേളയും നവംബർ 23, 24, 25 തീയതികളിൽ ഇസാ ടൗണിലെ സ്കൂൾ കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23ന് ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീത പരിപാടികൾ നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗായകരായ സച്ചിൻ വാര്യർ, വിഷ്ണു ശിവ, അവനി, അബ്ദുൾ സമദ് എന്നിവർ ഗായക സംഘത്തിലെ മറ്റു അംഗങ്ങൾ. നവംബർ 25നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും. സ്റ്റാർ വിഷൻ ഇവന്റ് പാർട്ണറായ മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്‌കൂൾ ഒരുക്കിയിരിക്കുന്നത്. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിന് മിത്സുബിഷി എഎസ്എക്സ് കാറും രണ്ടാം സമ്മാനം നേടുന്നവർക്ക് എംജി 5 കാറും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് സമ്മാനിക്കും.

മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി അഹോരാത്രം പ്രവർത്തിച്ചു വരുന്നു. 501 അംഗ കമ്മിറ്റിയിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവർത്തകരും ഉൾപ്പെടുന്നു. ബിസിനസ് പ്രമുഖനായ ഷാനവാസ് പി കെ ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയും വിപിൻ പിഎം കോ-ഓർഡിനേറ്ററുമായ സംഘാടക സമിതിയിൽ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കളും ഉൾപ്പെടുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 വിദ്യാർത്ഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയാണ് സ്കൂൾ മേള പ്രധാനമായും സംഘടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിറ്റി സ്കൂൾ എന്ന നിലയിൽ, നിർദ്ധനരായ വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്. ഓരോ വർഷവും മേളയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വഴി അർഹരായ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം, 2019 മുതൽ സ്കൂളിന് മേള നടത്താൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മേളയിലെ സ്റ്റാൾ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സ്കൂളിന് ലഭിക്കുന്നത്.

സ്കൂൾ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും ഉണ്ടായിരിക്കും. യുവജനോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നവംബർ 23ന് ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.മേളയുടെ ഭാഗമായി വിദ്യാർഥികളുടെ ചിത്രപ്രദർശനം സന്ദർശകർക്ക് നവ്യാനുഭവമാകും. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ദേശീയ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യം ഒരുക്കും. മേള ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. സ്‌കൂൾ ഫുട്‌ബോൾ ഗ്രൗണ്ടിൽ വിനോദ പരിപാടികളും അനുബന്ധ സ്റ്റാളുകളും അത്‌ലറ്റിക് ഗ്രൗണ്ടിൽ ഭക്ഷണ സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. വിവിധ വിനോദ പരിപാടികളും കുട്ടികൾക്കായി ഗെയിം സ്റ്റാളുകളും ജഷൻമൽ ഓഡിറ്റോറിയത്തിലുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാചക വൈവിധ്യം അനുഭവിക്കാൻ മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ അവസരമൊരുക്കും. കുടുംബങ്ങൾക്ക് വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള കാർണിവലായിരിക്കും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ. മേളയും പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ കവചത്തിലും ആയിരിക്കും. മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്‌കൂളിനെതിരെ നിക്ഷിപ്ത താൽപ്പര്യമുള്ള ചിലർ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഇത്തരം കിംവദന്തികളിൽ അകപ്പെടരുതെന്ന് സ്‌കൂൾ രക്ഷാകർതൃ സമൂഹത്തോട് അഭ്യർത്ഥിക്കുന്നു. ദീനാനുകമ്പാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഈ മഹത്തായ ദൗത്യത്തിൽ സ്കൂളിന് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകണമെന്ന് എല്ലാ രക്ഷിതാക്കളോടും അഭ്യർത്ഥിക്കുന്നതായി ഭരണസമിതി അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ , സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രേമലത എൻ എസ്, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം,അജയകൃഷ്‌ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി,റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, ഫെയർ ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ഷാനവാസ് പി കെ, രക്ഷാധികാരി മുഹമ്മദ് മാലിം , ജനറൽ കോഓർഡിനേറ്റർ വിപിൻ പി എം എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!