മനാമ: മാർത്തോമ്മാ സഭയുടെ സൺഡേ സ്കൂൾ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ മാർത്തോമ്മാ ഇടവക നവംബർ 11-ാം തീയതി വെള്ളിയാഴ്ച അഖില ലോക സൺഡേ സ്ക്കൂൾ ദിനമായി ആചരിച്ചു. രാവിലെ സനദിലുളള മാർത്തോമ്മാ കോംപ്ലക്സിൽ വെച്ച് നടന്ന വിശുദ്ധ കുർബ്ബാനയിൽ ഈ വർഷത്തെ വി.ബി.എസ് ഡയറക്ടറായി ബഹ്റൈനിൽ എത്തിയ റവ. ജിജോ പി. സണ്ണി (പ്രിൻസിപ്പാൾ, വർക്കല മാർത്തോമ്മാ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ) മുഖ്യകാർമ്മികത്വം വഹിച്ച്, സൺഡേ സ്കൂൾദിന സന്ദേശം നല്കി. ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ്, സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി എന്നിവർ സഹകാർമ്മികരായിരുന്നു. സൺഡേ സ്കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി. സൺഡേ സ്കൂൾ ഗായക സംഘം ഗാനശുശ്രൂഷ നിർവ്വഹിച്ചു. തുടർന്ന് വി.ബി.എസ്. വിദ്യാർത്ഥികൾ പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു.