bahrainvartha-official-logo
Search
Close this search box.

സോപാനം വാദ്യസംഗമം 2022 ഡിസംബർ 1, 2 തീയതികളിൽ; മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ഉണ്ണി മുകുന്ദൻ, അമ്പലപ്പുഴ വിജയകുമാർ എന്നിവർ ബഹ്‌റൈനിലെത്തും

New Project - 2022-11-20T163133.656

മനാമ: ബഹ്‌റൈൻ സോപാനം വാദ്യകലാസംഘം കോൺവെക്സ്‌ കോർപ്പറേറ്റ് കമ്പനിയുമായി ചേർന്ന് അതിവിപുലമായ പരിപാടികളോടെ വാദ്യസംഗമം 2022 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 1 & 2 തീയതികളിൽ ഇസടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ചു നടക്കുന്ന വാദ്യസംഗമം 2022 ആസ്വാദകർക്ക്‌ ഏറെ പുതുമകൾ നിറഞ്ഞ വ്യത്യസ്തമായ പരിപാടിയായിരിക്കും.

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സിനിമാതാരം ഉണ്ണി മുകുന്ദൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ എന്നിവർ മുഖ്യാതിഥികളായി എത്തും. ഇന്ത്യക്ക് പുറത്ത്‌ നടക്കുന്ന ഏറ്റവും വലിയ വാദ്യകലാ പ്രകടനത്തിനു മാറ്റുകൂട്ടുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു. മുൻ വർഷങ്ങളിളെപ്പോലെ 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുളള വേദി ആസ്വാദകർക്ക് വേറിട്ട അനുഭവമായിരിക്കും. ശശികുമാർ അധ്യക്ഷനായും, ചന്ദ്രശേഖരൻ കൺവീനറായും, ജോഷി ഗുരുവായൂർ, സജിത്ത് കുമാർ, രാജേഷ് മാധവൻ, ദേവദാസ്, ലാജി ഗോപാൽ, മഹേഷ് നാട്ടിക, ബിജു വി.പി, മനു മോഹൻ, ബിനു അനിരുദ്ധൻ, സുശാന്ത്, രാജേഷ് അറുമുഖം, ഷർമ്മിള ബാബു, ദിവ്യ മധു എന്നിവർ ജോയിന്റ്‌ കൺവീനറുമായ 251അംഗ സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

വാദ്യസംഗമത്തോടനുബന്ധിച്ച്‌ പ്രശസ്ത കീബോർ ഡിസ്റ്റ് പ്രകാശ്‌ ഉള്ള്യേരി, ഗായകൻ വിവേകാനന്ദൻ, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവരൊരുക്കുന്ന ഫ്യൂഷൻ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറും. ഇന്ത്യയ്ക്ക്‌ പുറത്ത്‌ ആദ്യമായി പത്തോളം സോപാന സംഗീത വിദ്യാർത്ഥികൾ അരങ്ങേറുന്നു എന്ന പ്രത്യേകതയും വാദ്യസംഗമം 2022നുണ്ട്‌.

വാദ്യസംഗമത്തിന്റെ ഒന്നാം ദിവസം കേളികൊട്ടോടുകൂടി ആരംഭിക്കുന്ന സാംസ്കാരികസമ്മേളനവും തുടർന്ന് എട്ട്‌ വാദ്യകലാ വിദ്യാർത്ഥികളുടെ തായമ്പക അരങ്ങേറ്റവും, തായമ്പകയിലെ യുവരാജക്കന്മാരായ മട്ടന്നൂർ ശ്രീരാജ്‌ & ചിറക്കൽ നിധീഷ്‌ എന്നിവർ ചേർന്ന് ഒരുക്കുന്ന മേജർ ഇരട്ടതായമ്പകയും അരങ്ങേറും. രണ്ടാം ദിവസം കേളികൊട്ടോടെ ആരംഭിക്കുന്ന പരിപാടിയിൽ ബഹറിനിൽ പരിശീലനം നേടിയ പത്ത്‌ സോപാന സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം പ്രശസ്ത സോപാനസ്ംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ നടക്കും. തുടർന്ന് പ്രശസ്ത സംഗീതജ്ഞർ അണിനിരക്കുന്ന ഫ്യൂഷൻ മ്യൂസിക്കും, പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, മേളകലാരത്നം സന്തോഷ് കൈലാസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പഞ്ചാരിമേളവും അവതരിപ്പിക്കപ്പെടും. ബഹറിനിൽ പരിശീലനം പൂർത്തിയാക്കിയ 32 വാദ്യകലാകാരന്മാർ മേളത്തിൽ അരങ്ങേറ്റം കുറിക്കും. കേരളത്തിൽനിന്നെത്തുന്ന പ്രശസ്ത വാദ്യകലാകാരന്മാരും ബഹറിനിൽ വാദ്യകല അഭ്യസിച്ചവരും അടക്കം 200 വാദ്യകലാകാരന്മാരാണു വാദ്യസംഗമം 2022ന്റെ അരങ്ങിൽ പഞ്ചാരിമേളത്തിനായി അണിനിരക്കുക.

ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും, പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്‌, കോൺവെക്സ് മീഡിയ മാനേജിംഗ് ഡയറക്ടർ അജിത്‌ നായർ, സോപാനം അംഗങ്ങളായ ജോഷി ഗുരുവായൂർ, രാജേഷ്‌ മാരാർ, വിനീഷ്‌ സോപാനം, മറ്റു ഭാരവാഹികളും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!