മനാമ: ബഹ്‌റൈൻ കേരളീയ സമാജവും ഡി സി ബുക്‌സും സംയുക്തമായി അവതരിപ്പിക്കുന്ന ആറാമത് അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ അവതരിപ്പിച്ച ‘കലൈഡോസ്‌കോപ്’ ശ്രദ്ധേയമായി. നവംബർ 10 ന് ആരംഭിച്ച പുസ്തകോത്സവം നവംബർ 20 വരെ നീളും. അനവധി പുസ്തകങ്ങളോടൊപ്പം പ്രമുഖരും, കലാപരിപാടികളുമായി പുസ്തകോത്സവ വേദി സജീവമാണ്.
നവംബർ 11 വെള്ളിയാഴ്ച അരങ്ങേറിയ കലൈഡോസ്കോപിന് മികച്ച ജനസ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക തനിമയുള്ള കലാപരിപാടികൾ എല്ലാം മികച്ചു നിന്നു. കേരളം, കർണ്ണാടക, തമിഴ്‌നാട് ഗുജറാത്ത്, ആസാം, ഒറീസ, ബീഹാർ എന്നീ സംസ്ഥാനങ്ങളെല്ലാം തനത് കലാപരിപാടികളുമായാണ് മുന്നോട്ടു വന്നത്.
മനോഹരമായ ദൃശ്യവിരുന്നൊരുക്കിയ പരിപാടിയിലൂടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ആളുകളെ കൂടി നല്ല രീതിയിൽ ബുക്ക് ഫെസ്റ്റിവലിന്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു. പാരമ്പര്യ നൃത്തചുവടുകളും പരിപാടികളും പുതുതലമുറയിലും സ്വാധീനമുണ്ടാക്കി എന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
കലൈഡോസ്‌കോപ് കൺവീനർ വിനയ ചന്ദ്രൻ പരിപാടിയുടെ ഭാഗമായി പ്രവർത്തിച്ചവർക്കെല്ലാം നന്ദി രേഖപ്പെടുത്തി.