ദോഹ: ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഇറാനെ രണ്ടിനെതിരെ 6 ഗോളുകൾക്ക് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു മുന്നിലായിരുന്നു. ഇരട്ടഗോളുമായി തിളങ്ങിയ ബുകായോ സാകയുടെ മികവിലാണ് ഇംഗ്ലണ്ട് മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചത്. 43, 62 മിനിറ്റുകളിലായാണ് സാക ഇരട്ടഗോൾ നേടിയത്. ജൂഡ് ബെല്ലിങ്ഹാം (35), റഹിം സ്റ്റെർലിങ് (45+1), മാർക്കസ് റാഷ്ഫോർഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടിയ സ്റ്റെർലിങ് നാലാം ഗോളിനു വഴിയൊരുക്കിയും തിളങ്ങി. ലൂക്ക് ഷാ, ഹാരി മഗ്വയർ, ഹാരി കെയ്ൻ (2), കല്ലം വില്‍സൻ എന്നിവരാണ് മറ്റു ഗോളുകൾക്ക് വഴിയൊരുക്കിയത്.
രണ്ടാം പകുതിയിലാണ് ഇറാൻ ഒരു ഗോൾ തിരിച്ചടിച്ചത്. ഇറാനായി സൂപ്പർതാരം മെഹ്ദി ടറേമി ഇരട്ടഗോൾ നേടി. 65, 90+13 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകൾ.
കളി തുടങ്ങി പത്ത് മിനുട്ട് തികയുന്നതിന് മുന്‍പേ ഇറാന്‍ ഗോള്‍കീപ്പര്‍ അലിരേസ ബെയ്‌റൻവന്തിന് പരിക്കേറ്റു. സഹതാരവുമായി കൂട്ടിയിടിച്ചാണ് ഇറാന്‍ ഗോളിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പത്ത് മിനുറ്റോളം നീണ്ട പരിചരണത്തിന് ശേഷം വീണ്ടും താരം കളത്തിലേക്ക് എത്തിയെങ്കിലും കളിക്കളത്തില്‍ തുടരാനാകാതെ പിന്മാറുകയായിരുന്നു. ഗോള്‍കീപ്പര്‍ക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്ന് പരിചരണവും മറ്റും നടത്തി സമയം പോയതുകാരണം പതിനാല് മിനുറ്റാണ് ആദ്യ പകുതിയില്‍ ഇഞ്ച്വറി ടൈം അനുവദിച്ചത്. സ്റ്റോപ്പേജ് ടൈം ആയി കണക്കാക്കിയാണ് ഇത്രയും നേരം അധികസമയമായി കണക്കാക്കുക.